മടമ്പം പദ്ധതി: ലക്ഷ്യം കാണാതെ രണ്ടാംഘട്ടം
1374990
Friday, December 1, 2023 8:25 AM IST
ശ്രീകണ്ഠപുരം: കിഴക്കൻ മലയോര മേഖലയുടെ വികസനത്തിന് കുതിച്ച് ചാട്ടമേകുമെന്ന് അധികൃതർ വാഗ്ദാനം ചെയ്ത മടമ്പം പദ്ധതിയുടെ രണ്ടാംഘട്ടം കടലാസിൽ ഉറങ്ങികിടക്കാൻ തുടങ്ങിയിട്ട് പതിനൊന്ന് വർഷം.
എട്ട് വില്ലേജുകളിലെ കാർഷിക ജലസേചനവും ശ്രീകണ്ഠപുരം ടൗണിലെ കുടിവെള്ള വിതരണവും ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി പാലം നിർമാണത്തിൽ ഒതുങ്ങുകയായിരുന്നു. ചെറുകിട ജലസേചനവകുപ്പ് നടപ്പാക്കുന്ന മടമ്പം പദ്ധതിയിൽ ഇതുവരെ പൂ ർത്തിയായത് റഗുലേറ്റർ കം-ബ്രിഡ്ജ് മാത്രമാണ്. 2006 ൽ തുടക്കം കുറിച്ച് 2012 ൽ ഉദ്ഘാടനം ചെയ്ത പദ്ധതി പതിനൊന്ന് വർഷം കഴിഞ്ഞിട്ടും പാലത്തിലൂടെ ഒരു ബസ് സർവീസ് പോലും ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ മാത്രം ഒരു കെഎസ്ആർടി ബസ് മടമ്പം റൂട്ടിലോടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. വർഷങ്ങൾക്ക് മുമ്പ് തൂക്കുപാലമാണ് മടമ്പത്തുകാർ ആശ്രയിച്ചിരുന്നത്.
മടന്പം വികസന സമിതി രംഗത്ത്
കാലവർഷമായാൽ തൂക്കുപാലത്തിൽ അപകടങ്ങൾ പതിവായപ്പോൾ അന്നത്തെ മടമ്പം പള്ളി വികാരിയായിരുന്ന ഫാ.ജോർജ് കപ്പുകാലായിൽ മുൻ കൈയെടുത്താണ് മടമ്പം വികസന സമിതിക്ക് രൂപം കൊടുത്തത്. എംഎൽഎ യായിരുന്ന കെ.സി.ജോസഫിന്റെ സഹായത്തോടെ ഏഴംഗകമ്മിറ്റി രൂപീകരിച്ചാണ് മടമ്പംപദ്ധതി എന്ന ആശയം തുടങ്ങിയത്. ഗതാഗതത്തിന് പാലം, കൃഷിക്ക് റഗുലേറ്റർ കം ബ്രിഡ്ജ്, കുടിവെള്ളപദ്ധതി തുടങ്ങി പത്തോളം വികസന പ്രവർത്തനങ്ങളാണ് മുന്നിൽ കണ്ടത്.
പിന്നീട് ശ്രീകണ്ഠപുരം, ചെങ്ങളായി, പടിയൂർ,കല്യാട്, ഇരിക്കൂർ,പയ്യാവൂർ,നിടിയേങ്ങ, ഏരുവേശി വില്ലേജുകളിലെ കാർഷിക ജലസേചനം ലക്ഷ്യമിട്ടാണ് പദ്ധതി അനുവദിച്ചത്. ജില്ലയിലെ ഏറ്റവും വലിയ തൂക്കുപാലമായ മടമ്പം പാലത്തിന് പകരം കോൺക്രീറ്റ് പാലം വന്നതാണ് പദ്ധതിയുടെ ഏക നേട്ടം. 2012 ഏപ്രിലിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പദ്ധതി നാടിന് സമർപ്പിച്ചത്.രണ്ടാംട്ടത്തിൽ ആസൂത്രണം ചെയ്ത റഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന പാർക്കുകൾ, തൂക്കുപാലം സംരക്ഷിക്കാനുള്ള നടപടികൾ ഇവയൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി യുടെ രണ്ടാംഘട്ടം സംബന്ധിച്ച എസ്റ്റിമേറ്റ് തയാറാക്കാൻ പോലും അധികൃതർ തയാറായിട്ടില്ല. രണ്ടാംഘട്ട വികസനമില്ലെങ്കിൽ പദ്ധതിയുടെ പ്രയോജനം മലയോര ജനതയ്ക്ക് അന്യമാകുമെന്ന കാര്യത്തിൽ സംശയമില്ല.
റോഡുകൾ ശോച്യാവസ്ഥയിൽ
മടമ്പം നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണുന്നതിന് മികച്ച ഗതാഗത സൗകര്യമൊരുക്കുക എന്നതായിരുന്നു പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നതെങ്കിലും പതിനൊന്ന് വർഷം കഴിഞ്ഞിട്ടും പാലത്തിലൂടെ ഒരു ബസ് സർവീസ് പോലും ആരംഭിച്ചിട്ടില്ല.
കുടിയേറ്റ കാലത്ത് ഉണ്ടാക്കിയ പൊടിക്കളം -മടമ്പം പാറക്കടവ് റോഡിന്റെ ശോച്യാവസ്ഥ ഇപ്പോഴും തുടരുകയാണ്. 10 കിലോമിറ്റർ നീളവും എട്ടുമീറ്റർ വീതിയുമുള്ള റോഡ് മിക്ക സ്ഥലത്തും തക ർന്നുകിടക്കുകയാണ്. പിഡബ്ല്യുഡിയുടെ കീഴിലുള്ള റോഡ് 2017 ൽ നവീകരണം നടത്തിയിരുന്നങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ തകർന്നു. കാലവർഷത്തിൽ റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടർ ഉയർത്തുമ്പോഴും വെള്ളപ്പൊക്കത്തിലെ കുത്തൊഴുക്കിൽ റോഡ് പല ഭാഗത്തു പുഴയെടുത്തിട്ടുണ്ട്.
മടമ്പം ബ്രിഡ്ജിന് സമീപവും അലക്സ് നഗർ കുരിശുപള്ളിക്ക് സമീപവും100 മീറ്ററോളം ദൂരത്തിലാണ് റോഡ് പുഴയെടുത്തത്. മൂന്നുവർഷം കഴിഞ്ഞിട്ടാണ് ഇടിഞ്ഞ ഭാഗം ചെറുകിട ജലസേച നവകുപ്പ് കെട്ടി ബലപ്പെടുത്തിയത്.10 ഓളം ബസുകൾ പല വഴി സർവീസ് നടത്തിയ റൂട്ടിൽ റോഡിന്റെ ശോച്യാവസ്ഥ കാരണം ബസുകൾ പൂർണമായും സർവീസ് നിർത്തുകയായിരുന്നു.
മടമ്പം, അലക്സ് നഗർ, പ്ലടാരി നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള മാർഗമാണ് ഈ റോഡ്.ബസ് സർവീസ് ഇല്ലാതായതോടെ ജീപ്പുകളും ഓട്ടോറിക്ഷകളുമാണ് യാത്രക്കാർക്കുള്ള ഏക ആശ്രയം. മടമ്പം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പാറക്കടവ് മുതൽ മടമ്പം വരെ മൂന്ന് തടയണകളും കനാലുകളും പവർ ഹൗസുകളും നിർമിക്കുമെന്ന് പദ്ധതിയുടെ പൊജക്ട് റിപ്പോർട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ജലസേചനവകുപ്പ് തികഞ്ഞ മൗനത്തിലാണ്.