ചിക്കൻ വ്യാപാരികളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പണം ഈടാക്കുന്നുവെന്ന്
1375001
Friday, December 1, 2023 8:26 AM IST
കണ്ണൂര്‍: ജില്ലയിലെ മാലിന്യ പ്ലാന്റുകള്‍ ചിക്കന്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കികൊണ്ട് മാലിന്യം ശേഖരിക്കുന്നത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി ജില്ല കമ്മിറ്റി ഭാരവാഹികള്‍.
മറ്റുള്ള ജില്ലകളില്‍ സൗജന്യമായി പ്ലാന്റുകള്‍ മാലിന്യം ശേഖരിക്കുമ്പോള്‍ ഇവിടെ കിലോയ്ക്ക് അഞ്ച് രൂപയാണ് ഈടാക്കുന്നത്. മറ്റ് മാലിന്യം പോലെ നശിപ്പിച്ചുകളയാതെ അസംസ്കൃത വസ്തുവായി വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്കി ഇതില്‍ നിന്നും പ്ലാന്റ് ഉടമകള്‍ ലാഭം ഉണ്ടാക്കുന്നുണ്ട്.
പ്ലാന്റ് ഉടമകള്‍ക്ക് പണം നല്കി മാലിന്യം കൊടുക്കാമെന്ന ഉറപ്പിന്മേല് മാത്രമാണ് ഉദ്യോഗസ്ഥര്‍ ചിക്കന്‍ വ്യാപാരികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. പണം ഈടാക്കാതെ മാലിന്യം ശേഖരിക്കാന്‍ പന്നി കര്‍ഷകര്‍ തയ്യാറാണെങ്കിലും ചില ഉദ്യോഗസ്ഥര്‍ ഇതിന് തടസം നില്‍ക്കുന്നുണ്ട്. ഇതുമൂലം പന്നി കര്‍ഷകരും പ്രതിസന്ധിയിലാണ്.കളക്ടര്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി.എം. ഇസ്മായില്‍, ട്രഷറര്‍ വിമല്‍ കൃഷ്ണ, ഇ.സജീവന്, പി.അസൂട്ടി, മുഹമ്മദ് പിണറായി എന്നിവര്‍ പങ്കെടുത്തു.