റബർ വിലസ്ഥിരതാ ഫണ്ട് 250 രൂപയാക്കണം:കെ.സി. ജോസഫ്
1375002
Friday, December 1, 2023 8:26 AM IST
കണ്ണൂർ: റബർ വിലസ്ഥിരതാ ഫണ്ട് അടിയന്തരമായി 250 രൂപയായി പ്രഖ്യാപിക്കാൻ സംസ്ഥാന സംസ്ഥാന സർക്കാർ തയാറാകണമെന്ന് മുൻ മന്ത്രിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ.സി. ജോസഫ് ആവശ്യപ്പെട്ടു. 2016 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എൽഡിഎഫ് റബർ വിലസ്ഥിരതാ ഫണ്ട് 250 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഏഴ് വർഷം കഴിഞ്ഞിട്ടും ആകെ വർധിപ്പിച്ചത് നാമമാത്രമായ 20 രൂപ മാത്രമാണ്.
2015 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ബജറ്റിൽ ധനമന്ത്രി കെ.എം. മാണിയാണ് ആദ്യമായി വിലസ്ഥിരതാഫണ്ട് 150 രൂപയായി നിശ്ചയിച്ചത്. അന്ന് മാർക്കറ്റിൽ ഒരു കിലോ റബറിന്റെ വില 80 രൂപയായിരുന്നു. റബറിന് താങ്ങുവിലയായി 300 രൂപ നിശ്ചയിക്കണമെന്ന ഇടതുമുന്നണിയുടെ പ്രചാരണം സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനുള്ള തന്ത്രം മാത്രമാണ്. ഏഴുവർഷം മുമ്പ് പ്രകടനപത്രി കയിൽ നൽകിയ വാഗ്ദാനം നടപ്പിലാക്കാൻ പിണറായി സർക്കാറിന് നിർദ്ദേശം നൽകാനാണ് ആദ്യം ഇടതുമുന്നണി തയാറാകേണ്ടത്. ഈ വർഷം വിലസ്ഥിരതാ ഫണ്ടിനായി ബജറ്റിൽ 600 കോടി രൂപയാണ് വകയിരുത്തിയത്.
സാമ്പത്തിക വർഷം അവസാനിക്കാൻ നാലുമാസം ഉള്ളപ്പോൾ ഇതുവരെ ചെലവാക്കിയത് 120 കോടി മാത്രമാണ്. നാലു മാസത്തെ കുടിശിഖ പണം പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഇപ്പോൾ ഒരു കിലോ റബറിന്റെ വില 151 രൂപയാണ്. വിലസ്ഥിരതാ ഫണ്ട് വർധിപ്പിക്കാതെ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള ഇടതുമുന്നണി തന്ത്രം ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനാണെന്ന് അദ്ദേഹം പറഞ്ഞു.