കണ്ണൂർ വിസിക്ക് എതിരേയുള്ള സുപ്രീംകോടതി വിധി : നീതിയുടെ വിജയമെന്ന് കെപിസിടിഎ
1375004
Friday, December 1, 2023 8:26 AM IST
കണ്ണൂർ: ഇടതുപക്ഷ സർക്കാർ നിയമങ്ങളെയും ചട്ടങ്ങളെയും കാറ്റിൽപറത്തി സർവകലാശാലകളിൽ നടത്തുന്ന ധിക്കാരപൂർണമായ നടപടികൾക്ക് ഭരണഘടനാപരമായി ലഭിച്ച തിരിച്ചടിയാണ് ഇന്നലത്തെ സുപ്രീം കോടതി വിധിയെന്ന് കെപിസിടിഎ. പാർട്ടിക്ക് ഓശാന പാടുന്ന ആൾക്കാർക്ക് മാത്രമായി ഉന്നത പദവികൾ മാറ്റിവയ്ക്കുന്ന ഇടതുദുർഭരണത്തിന് ഏറ്റ തിരിച്ചടിയാണിത്.
അർഹരായ നിരവധി വിദ്യാഭ്യാസ വിദഗ്ധർ ഉണ്ടായിട്ടും ഇടതുപക്ഷത്തിന് അനുകൂലമായി മാത്രം തീരുമാനമെടുക്കുന്ന ഗോപിനാഥ് രവീന്ദ്രനു നിയമവിരുദ്ധമായി വിസിയായി പുനർനിയമനം നൽകിയത് ഇടതുപക്ഷം നടത്തുന്ന ക്രമവിരുദ്ധ നിയമനങ്ങൾക്ക് ഉൾപ്പെടെ അരങ്ങൊരുക്കുന്നതിന് വേണ്ടിയായിരുന്നു.
ഇനിയെങ്കിലും ഇത്തരം തലതിരിഞ്ഞ സ്വജനപക്ഷപാത നയങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം വിലയിടിഞ്ഞ ഒന്നായി മാറും. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഔന്നത്യം കണക്കിലെടുത്തുള്ള ഈ സംവിധാനത്തെ പൂർണമായും അട്ടിമറിച്ചു സർവകലാശാലകളെ പാർട്ടിയുടെ സമ്പൂർണ നിയന്ത്രണത്തിലാക്കാനാണ് സർവകലാശാല ഭേദഗതി ബിൽ എൽഡിഎഫ് സർക്കാർ കൊണ്ട് വന്നത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് കളങ്കമായി മാറുവാൻ സാധ്യതയുള്ള ഈ ബിൽ പിൻവലിക്കുവാൻ സർക്കാർ തയാറാവണെമന്നും കെപിസിടിഎ ആവശ്യപ്പെട്ടു. ഈ നിയമപോരാട്ടത്തിന് നേതൃത്വം നൽകിയ ഡോ.പ്രേമചന്ദ്രൻ കീഴോത്തിനെയും ഡോ.ഷിനോ പി .ജോസിനെയും കെപിസിടിഎ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു