സംസ്ഥാനത്ത് എച്ച്ഐവി ബാധിതർ വർധിക്കുന്നതായി കണക്കുകൾ
1375005
Friday, December 1, 2023 8:26 AM IST
കണ്ണൂർ: സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം വർധിച്ചുവരുന്നതായി കണക്കുകൾ. ഈ വർഷം ഓക്ടോബർ വരെ 1042 പേർക്കാണ് എച്ചഐവി സ്ഥിരീകരിച്ചത്. ഇതിൽ 797 പുരുഷൻമാരും 240 സ്ത്രീകളും ഒൻപത് ട്രാൻസ് ജെൻഡർമാരുമാണ്. 13,54,874 സാമ്പിളുകളാണ് പരിശോധനയ്ക്ക് എത്തിയത്.
ട്രാൻസ് ജെൻഡർമാരിൽ ഈ വർഷമാണ് ഏറ്റവും കൂടുതൽ എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. 2022 ൽ 1126 പേർക്കായിരുന്നു രോഗബാധ കണ്ടെത്തിയത്. അതിൽ 799 പേർ പുരുഷൻമാരും 321 സ്ത്രീകളും ആറ് ട്രാൻസ് ജെൻഡർമാരും ഉൾപെടുന്നു. 2020, 2021 വർഷത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. 2020 ൽ 866ഉം 2021 ൽ 840മായിരുന്നു.
കണ്ണൂരിൽ ഒരു ഗർഭിണി എച്ച് ഐവി വിവരം മറച്ചുവച്ച് പ്രസവിച്ച സംഭവം ഉണ്ടായതായി എയ്ഡ്സ് കൺട്രോൾ സൊസൈറ്റി അധികൃതർ പറഞ്ഞു. ഇതേ തുടർന്ന് ജനിച്ച കുട്ടിക്ക് കൂടി അണുബാധയേറ്റു. നേരത്തെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ കുട്ടിക്ക് അണുബാധയുണ്ടായ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും ഗർഭിണികൾ എച്ച്ഐവി ടെസ്റ്റ് നിർബന്ധമായും ചെയ്തിരിക്കണമെന്നും അധികൃതർ പറഞ്ഞു.
എച്ച്ഐവി അണുബാധയുള്ള ഗർഭിണികളിൽ നിന്നും ശിശുവിലേക്ക് എച്ച്ഐവി വ്യാപനം തടയുന്നതിന് ഇന്റർഗ്രേറ്റഡ് കൗൺസിലിംഗ് ആന്റ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ വഴി കൗൺസിലിംഗും നടത്തി വരുന്നുണ്ട്. ട്രാൻസ്ജെന്ഡറുകൾക്കിടയിൽ ഉൾപ്പെടെ എച്ച്ഐവി അണുബാധയെ കുറിച്ച് കൃത്യമായ അറിവില്ലാത്തതും അതിഥി തൊഴിലാളികളുടെ കടന്നുവരവുമെല്ലാം സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്.എച്ച്ഐവി.
കൗൺസലിംഗ്, സ്ക്രീനിംഗ്, പരിശോധന, പിപിടിസിടി സേവനങ്ങൾ എന്നിവ താഴേതട്ടിൽ കൂടുതൽ കാര്യക്ഷമമായി എത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
സ്വന്തം ലേഖിക