യുഡിഎഫ് വിചാരണ സദസിന് നാളെ തുടക്കം; സംസ്ഥാനതല ഉദ്ഘാടനം ധർമടത്ത്
1375010
Friday, December 1, 2023 8:26 AM IST
കണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്നുവരുന്ന ജനസദസുകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫിന്റെ നേതൃത്വത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും നടക്കുന്ന വിചാരണ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് നടക്കുമെന്ന് യുഡിഎഫ് ചെയർമാൻ പി.ടി.മാത്യുവും കൺവീനർ അബ്ദുൾകരീം ചേലേരിയും പത്രസമ്മേളനത്തിൽ അറിയിച്ചു.
പിണറായി സർക്കാർ കർഷകരോടും തൊഴിലാളികളോടും യുവാക്കളോടുംസർക്കാർ ജീവനക്കാരോടും കാണിക്കുന്ന ദ്രോഹവും വഞ്ചനയും വ്യാപകമായ അഴിമതിയും അക്കമിട്ട് നിരത്തുന്ന വിചാരണ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിൽ നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നുമുതൽ വൈകുന്നേരം ആറുവരെയാണ് വിചാരണ സദസുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ധർമടം മണ്ഡലത്തിലെ മമ്പറത്ത് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി നിർവഹിക്കും. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ.ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും. ഒൻപതിന് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിൽ കെ.മുരളീധരൻ എംപി വിചാരണ സദസ് ഉദ്ഘാടനം ചെയ്യും. ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തും.
13ന് അഴീക്കോട് മണ്ഡലം വിചാരണ സദസ് വളപട്ടണം മിനി സ്റ്റേഡിയത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി .കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.വി.ടി.ബൽറാം മുഖ്യപ്രഭാഷണം നടത്തും. 15ന് പയ്യന്നൂരിൽ യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തും. 16 ന് പേരാവൂർ മണ്ഡലത്തിലെ ഇരിട്ടിയിലും മട്ടന്നൂരിലും നടക്കുന്ന വിചാരണ സദസുകൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും.
19ന് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന മണ്ഡലംതല വിചാരണ സദസ് കെപിസിസി പ്രസിഡന്റ് കെ .സുധാകരൻ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി മുഖ്യപ്രഭാഷണം നടത്തും.
18ന് കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയിൽ വിചാരണ സദസ് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും 22ന് തളിപ്പറമ്പ് നടക്കുന്ന വിചാരണ സദസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.27ന് തലശേരിയിൽ കെ .മുരളീധരൻ എംപിയാണ് വിചാരണ സദസ് ഉദ്ഘാടനം ചെയ്യുക. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വിചാരണ സദസിന്റെ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് നേതാക്കൾ അറിയിച്ചു. ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ദുരിതങ്ങൾ അക്കമിട്ട് നിരത്തി വിചാരണ
വിചാരണസദസിൽ നിയോജകമണ്ഡലത്തിലെ സ്വാതന്ത്ര്യസമര സേനാനികൾ, കർഷക സംഘടനാ പ്രതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, യുവജന - വിദ്യാർഥി സംഘടനാ പ്രതിനിധികൾ, മഹിളാ സംഘടനാ പ്രതിനിധികൾ, അധ്യാപകരുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, കലാ- സാഹിത്യ- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയ എല്ലാ ബഹുജന സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും.
സർക്കാരിൽ നിന്നും പണം കിട്ടാതെ കഷ്ടപ്പെടുന്ന നെല്ല്,നാളികേര, റബർ കർഷകർ ശമ്പളം കിട്ടാതെ ദുരിതമനുഭവിക്കുന്ന കെഎസ്ആർടി സി അടക്കമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ, പെൻഷൻ കിട്ടാതെ ബുദ്ധിമുട്ടുന്നവർ, പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് ജോലി കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, സാമൂഹിക ക്ഷേമ പെൻഷനും ചികിത്സാസഹായവും ലഭിക്കാതെ ദുരിതമനുഭവിക്കുന്നവർ, ആനുകൂല്യങ്ങൾ ലഭ്യമാകാത്ത പട്ടികജാതി -പട്ടികവർഗക്കാർ , മത്സ്യത്തൊഴിലാളികൾ എന്നിവർ ദുരിതങ്ങളും കഷ്ടപ്പാടും പങ്കുവയ്ക്കും.