കാട്ടാന പ്രതിരോധ സംവിധാനം ഫലപ്രദമാക്കാൻ പരിശോധന
1375191
Saturday, December 2, 2023 2:07 AM IST
കേളകം: ആനമതിൽ കടന്ന് കാട്ടനകൾ ജനവാസ മേഖലകളിലെത്തി ഭീതി വിതച്ചതോടെ കേളകം പഞ്ചായത്തിന്റെയും വനം വകപ്പിന്റെയും നേതൃത്വത്തിൽ തകർന്ന ആനമതിൽ പുനർനിർമിക്കാനും കാട്ടാനശല്യം ഒഴിവാക്കാനും സംയുക്ത പരിശോധന നടത്തി. അടയ്ക്കാത്തോട് മേഖലയിലാണ് കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി പ്രദേശവാസികളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയത്.
ആനമതിൽ തകർന്ന ഭാഗത്തുകൂടിയും മതിലിനോടു ചേർന്ന മരത്തിന്റെ കുറ്റിയിൽ ചവിട്ടിയുമൊക്കെ ആനമതിൽ കടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത്. ബുധനാഴ്ച രാത്രി ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന വ്യാഴാഴ്ച രാവിലെ പുഴ കടന്നതോടെയാണ് പ്രദേശവാസികളുടെ ഭീതിയൊഴിഞ്ഞത്.
ആനകൾ കടന്നുവരാൻ സാധ്യതയുളള സ്ഥങ്ങൾ കണ്ടെത്തി അവിടെ പ്രതിരോധ മാർഗങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. കേളകം ഗ്രാമപഞ്ചായത്ത് പരിധിയിൽ പത്തു കിലോമീറ്ററാണ് ആനമതിലുള്ളത്. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് , റേഞ്ച് ഓഫീസർ സുധീർ നരോത്ത്, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. മഹേഷ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലൂമി, വാച്ചർമാരായ ഗണേശൻ, ബാലകൃഷ്ണൻ, ഒ.സി.ജിജോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കാട്ടാന ശല്യം തടയാൻ ആവശ്യമായ നപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് സി.ടി. അനീഷ് പറഞ്ഞു.