കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഫോണുകൾ നല്കി
1375194
Saturday, December 2, 2023 2:07 AM IST
കണ്ണൂർ: കല്യാശേരിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് ഡിവൈഎഫ്ഐ- സിപിഎം ക്രിമിനലുകളുടെ ക്രൂര ആക്രമണത്തിന് ഇരയാകുകയും ഫോണ്‍ ഉള്‍പ്പെടെ അപഹരിക്കപ്പെടുകയും ചെയ്ത കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുതിയ ഫോണുകള്‍ നല്കി.
ചികിത്സയില്‍ കഴിയുന്നരെ സന്ദര്‍ശിക്കാന്‍ കണ്ണൂര്‍ ഇന്ദിരാഗാന്ധി കോ-ഓപറേറ്റീവ് ആശുപത്രിയില്‍ എത്തിയ പ്രതിപക്ഷ നേതാവിനോട് പ്രവര്‍ത്തകര്‍ ഇക്കാര്യം പറഞ്ഞിരുന്നു. നഷ്ടപ്പെട്ട ഫോണുകള്‍ക്ക് പകരം പുതിയ ഫോണുകള്‍ വാങ്ങി നല്‍കാമെന്ന് അന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് കണ്ണൂരില്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാല്‍, കെഎസ്യു മാടായി കോളജ് യൂണിയന് ചെയര്മാന് സായി ഷരണ്‍, കല്യാശേരി ബ്ലോക്ക് സെക്രട്ടറി സഞ്ജു സന്തോഷ് എന്നിവര്‍ക്കാണ് ഫോണുകള്‍ വാങ്ങി നല്‍കിയത്.