ഏഴിമല-ബാഗമണ്ഡലം റോഡ് തുറക്കുമെന്ന പ്രതീക്ഷയേറുന്നു
1375195
Saturday, December 2, 2023 2:07 AM IST
ചെറുപുഴ: ഏഴിമല-ബാഗമണ്ഡലം റോഡ് തുറക്കുമെന്ന പ്രതീക്ഷയേറുന്നു. ഈ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കേരള അതിർത്തിയിൽ പുളിങ്ങോത്ത് വർഷങ്ങൾക്കു മുന്പ് നിർമിച്ച പാലം നടപ്പുവഴിയായി മാത്രം ശേഷിക്കുകയാണ്. മാത്രമല്ല മുണ്ടറോട്ട് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർക്ക് പുളിങ്ങോം പയ്യന്നൂർ ഭാഗങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു മാർഗം ഇതു മാത്രമാണ്. 18 വർഷം മുന്പ് തലക്കാവേരി റൂട്ടിലുണ്ടായ ഒരു വാഹനാപകടത്തെത്തുടർന്നാണ് ഇതുവഴിയുള്ള വാഹന യാത്ര കർണാടക ഫോറസ്റ്റ് അധികൃതർ നിരോധിച്ചത്.
എന്നാൽ ഇത് സർക്കാർ തലത്തിലുള്ളതോ കോടതി നിർദേശപ്രകാരമോ ഉള്ളതല്ലെന്നാണു നാട്ടുകാരും പറയുന്നത്.
പുളിങ്ങോത്ത് നിന്നും മുണ്ടറോട്ട് റേഞ്ചിലേക്ക് കടക്കുന്ന പാലത്തിന്റെ 50 മീറ്റർ അകലെനിന്നും ഫോറസ്റ്റ് ഓഫീസിന്റെ മുന്നിൽ ചങ്ങലയിട്ടാണു റോഡ് അടച്ചിരിക്കുന്നത്. ചെറുപുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട ആറാട്ടുകടവിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾക്ക് ഏക ആശ്രയം ഈ റോഡാണെങ്കിലും കർണാടക ഫോറസ്റ്റ് അധികൃതരുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇതുവഴി വാഹനത്തിൽ കടന്നുപോകാൻ സാധിക്കുകയുള്ളു. കേരള അതിർത്തിയിൽ കർണാടക വനത്തിലൂടെ 18 കിലോമീറ്റർ മാത്രം റോഡ് വികസിപ്പിച്ചാൽ മതി റോഡ് ഗതാഗതയോഗ്യമാകാൻ. ഇതിന് കർണാടക സർക്കാരും വനംവകുപ്പും കനിയണം.
എന്നാൽ ഈവഴി തുറന്നു കിട്ടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ 2024 ജനുവരി 10 മുതൽ 26 വരെ പുളിങ്ങോത്ത് നടക്കുന്ന പുളിങ്ങോം ഫെസ്റ്റാണ് ബാഗമണ്ഡലം റോഡ് തുറക്കുമെന്ന പ്രതീക്ഷയ്ക്ക് കാരണമാകുന്നത്. പുളിങ്ങോം ഫെസ്റ്റിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ ബാഗമണ്ഡലം പഞ്ചായത്ത് പ്രസിഡന്റ് കാലന എ. രവിയാണ് ഇതുവഴിയുള്ള റോഡ് ഗതാഗതത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും ഇതിനായി എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും ഉറപ്പുനൽകിയിട്ടുള്ളത്.
പുളിങ്ങോം ഫെസ്റ്റിന്റെ സംഘാടകർക്ക് ആദ്യഘട്ടം എന്ന നിലയിൽ വനപ്രദേശത്തെ റോഡിൽ കൂടി ഒരു ദിവസത്തെ യാത്രയ്ക്ക് അനുമതി നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. റോഡ് തുറന്നുകിട്ടിയാൽ കേരളത്തിന്റെയും കർണാടകത്തിന്റെയും അതിർത്തി പ്രദേശങ്ങളുടെ വികസനത്തിനും അതുവഴി ബംഗളൂരു പോലുള്ള മെട്രോ സിറ്റികളുമായി എളുപ്പത്തിൽ ബന്ധപ്പെടാനും സാധിക്കും. ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സിആപിഎഫ് കേന്ദ്രം എന്നിവയ്ക്കും ബംഗളൂരു പോലുള്ള മെട്രോ സിറ്റികളുമായി ബന്ധപ്പെടാൻ എളുപ്പമാർഗവുമാണിത്.