തൂക്കുപാലത്തില്‍ തൂങ്ങിക്കിടന്ന സന്തോഷ് തിരിച്ചുകയറിയത് ജീവിതത്തിലേക്ക്
1375196
Saturday, December 2, 2023 2:07 AM IST
സ്വന്തം ലേഖകന്‍
ഭീമനടി: "വ്യാഴാഴ്ച വൈകുന്നേരം ഏഴോടെ പണികഴിഞ്ഞ് ഭീമനടി ടൗണില്‍നിന്നും വീട്ടിലേക്ക് കാലിക്കടവ് തൂക്കുപാലത്തിലൂടെ നടന്നുപോവുകയായിരുന്നു. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പെട്ടെന്നാണ് ഒരു ഫോണ്‍ കോള്‍ വന്നത്. ഫോണില്‍ സംസാരിച്ചുകൊണ്ടു നടന്നതിനാല്‍ പാലത്തിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് കാല്‍വഴുതി താഴേക്ക് പോയി. ഭാഗ്യത്തിന് പാലത്തിന്റെ വശത്തെ കയറില്‍ പിടിത്തം കിട്ടി. അവിടെ തൂങ്ങിക്കിടന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി എന്നെ പൊക്കിയെടുക്കുകയായിരുന്നു.' -മരണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട അനുഭവം വിവരിക്കുമ്പോള്‍ ചെത്തുതൊഴിലാളിയായ ചെന്നടുക്കം ആനക്കല്ലില്‍ സന്തോഷ് കുമാറിന് (45) അതിന്റെ വിറയല്‍ ഇനിയും വിട്ടുമാറിയിട്ടില്ല.
"ഞാന്‍ തൂങ്ങിക്കിടന്നതിനു താഴെഭാഗത്ത് പുഴയില്‍ വെള്ളമുണ്ടായിരുന്നില്ല. താഴെ വീണാല്‍ മരണം ഉറപ്പ്. മരിച്ചുപോകുമെന്ന് തന്നെയാണ് വിചാരിച്ചത്.' -സന്തോഷ് പറഞ്ഞു.
എന്നാല്‍ നാട്ടുകാര്‍ ഓടിയെത്തി സന്തോഷിനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. വലതുകാലിനും തോളെല്ലിനും പരിക്കേറ്റ സന്തോഷ് വെള്ളരിക്കുണ്ട് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
ചെന്നടുക്കം പ്രദേശത്തുള്ളവര്‍ക്ക് ഭീമനടി ടൗണിലെത്താനുള്ള എളുപ്പവഴിയാണ് കാലിക്കടവ് തൂക്കുപാലം. സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ ഈ പാലത്തിലൂടെയാണ് നടക്കുന്നത്. എന്നാല്‍ 25 വര്‍ഷത്തിലേറെ പഴക്കമുള്ള തൂക്കുപാലത്തിന്റെ ഏഴോളം കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്ന നിലയിലാണ്. നാട്ടുകാരാണ് പലപ്പോഴും അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.
ഇതിനു സമീപത്തായി പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇതു പൂര്‍ത്തിയാകും വരെ ഇതുവഴി സുരക്ഷിതമായി നടന്നുപോകാനുള്ള സാഹചര്യമൊരുക്കണമെന്ന് പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അധികാരികള്‍ ഇതു കേട്ട മട്ടില്ല.