പറശിനി മടപ്പുര തിരുവപ്പന മഹോത്സവത്തിന് ഇന്നു തുടക്കം
1375197
Saturday, December 2, 2023 2:07 AM IST
ധർമശാല: പറശിനി മടപ്പുര മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഇന്നു കൊടിയേറും. മഠപുര ട്രസ്റ്റി പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി രാവിലെ കൊടിയേറ്റുന്നതോടെ ഉത്സവത്തിന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടു മുതൽ മലയിറക്കൽ കർമവും, മൂന്നിന് തയ്യിൽ തറവാട്ടുകാരുടെ ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ച വരവ് ക്ഷേത്രത്തിൽ പ്രവേശിക്കും.
തുടർന്ന് വിവിധ കാഴ്ചവരവുകൾ മുത്തപ്പ സന്നിധിയിൽ എത്തിച്ചേരും. ഇന്ന് സന്ധ്യക്ക് മുത്തപ്പന്റെ വെള്ളാട്ടവും തുടർന്ന് അന്തിവേലയോടുകൂടി പറശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും. തുടർന്ന് പഞ്ചവാദ്യ സംഘത്തോട് സഹിതം കലശവും എഴുന്നള്ളിച്ച് മടപ്പുരയിൽ പ്രവേശിക്കും.
നാളെ പുലർച്ചെ അഞ്ചരയ്ക്ക് തിരുവപ്പന ആരംഭിക്കും. രാവിലെ പത്തോടെ തയ്യിൽ തറവാട്ടുകാരേയും തുടർന്ന് വിവിധ ദേശങ്ങളിൽ നിന്നും വന്ന കാഴ്ച വരവുകാരേയും മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയയ്ക്കും. ഉത്സവത്തോടനുബന്ധിച്ച് ഡിസംബർ അഞ്ച്, ആറ് തീയതികളിൽ പറശിനി മടപ്പുര ശ്രീ മുത്തപ്പൻ കഥകളിയോഗം വക കേരളത്തിലെ പ്രഗത്ഭ കലാകാരന്മാരെ ഉൾപ്പെടുത്തി കഥകളി ഉണ്ടായിരിക്കും. ഡിസംബർ ആറിന് കലശാട്ടത്തോടുകൂടി മഹോത്സവത്തിന് കൊടിയിറങ്ങും.
ആചാര വെടിക്കെട്ടിന്
അനുമതിയില്ല
പറശിനി മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി ഇന്നു രാത്രി നടക്കേണ്ട ആചാരവെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചു. രാത്രി പന്ത്രണ്ടിന് ശേഷം ശേഷമായതിനാലാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചതെന്നാണ് സൂചന. രാത്രി പത്തിന് ശേഷമുള്ള വെടിക്കെട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലക്കിയിരുന്നു.
എങ്കിലും ഓരോ ആരാധനാലയത്തിലേയും സാഹചര്യം കണക്കിലെടുത്ത് വെടിക്കെട്ടിനുള്ള സമയക്രമം സർക്കാരിനുതന്നെ തീരുമാനിച്ച് അനുമതി നൽകാനാകുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.