അന്നനാളത്തിൽ ദ്വാരം സംഭവിച്ചയാൾ ആസ്റ്റര്‍ മിംസിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക്
1375198
Saturday, December 2, 2023 2:07 AM IST
കണ്ണൂര്‍ : കേരളത്തിലാദ്യമായി ഡിവൈസ് ക്ലോഷര്‍ രീതിയിലൂടെ അന്നനാളത്തിലെ ദ്വാരം വിജയകരമായടച്ച് രോഗിയുടെ ജീവന് രക്ഷിച്ച് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഗ്യാസ്ട്രോ എന്ററോളജി, കാര്‍ഡിയോളജി, പള്‍മനോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് അപൂര്‍വമായ ചികിത്സ പൂര്‍ത്തീകരിച്ചത്.
നേരത്തെ അന്നനാളത്തെ ബാധിച്ച കാന്‍സറിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ 62 കാരനായിരുന്നു രോഗി. പിന്നീടാണ് അന്നനാളത്തെയും ശ്വാസനാളത്തേയും വേര്‍തിരിക്കുന്ന ഭിത്തിയില്‍ രണ്ടു സെന്റീമീറ്റര്‍ വലുപ്പമുള്ള ദ്വാരം ഉണ്ടായത്. ട്രക്കിയോ ഈസോഫേഗല്‍ ഫിസ്റ്റുല എന്ന ഈ അവസ്ഥയെത്തുടര്‍ന്ന് ഉമിനീര് പോലും ഇറക്കാനാകാത്ത അവസ്ഥയിലായിരുന്നു രോഗി. ചെറുകുടലിലേക്ക് ശസ്ത്രക്രിയയുടെ ഭാഗമായി സ്ഥാപിച്ച കുഴല്‍വഴി മാത്രമേ ഇദ്ദേഹത്തിന് ഭക്ഷണം കഴിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
അതീവ ഗുരുതരമായ ഈ അവസ്ഥക്ക് ശസ്ത്രക്രിയ ചെയ്ത് ദ്വാരം അടയ്ക്കുക എന്നതാണ് സാധാരണ സ്വീകരിക്കാറുള്ള പ്രതിവിധി. എന്നാല്‍ രോഗി സമീപകാലത്ത് വലിയ ശസ്ത്രക്രിയ്ക്കും കീമോതെറാപ്പിക്കും വിധേയനായ വ്യക്തിയായതിനാല്‍ വീണ്ടുമൊരു ശസ്ത്രക്രിയ നിര്‍വഹിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. കെ.ജി.സാബു പറഞ്ഞു. എന്‍ഡോസ്കോപ്പിക് രീതിയിലൂടെ ക്ലിപ്പിട്ട് ദ്വാരത്തെ അടയ്ക്കുന്ന രീതിയുണ്ടെങ്കിലും ദ്വാരത്തിന്റെ വലുപ്പം വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്യാസ്ട്രോ എന്ററോളജിയിലെ ഡോക്ടര്‍മാര്‍ ഡിവൈസ് ക്ലോഷറിന്റെ സാധ്യതയെ ഉപയോഗപ്പെടുത്തിയത്.
മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം രോഗിയെ 24 മണിക്കൂറിനകം തന്നെ ഡിസ്ചാജ് ചെയ്യുവാനും സാധിച്ചു. ലോകത്ത് തന്നെ ഇത്തരം സാഹചര്യങ്ങളില്‍ വിരലിലെണ്ണാവുന്ന കേസുകളില്‍ മാത്രമേ ഡിവൈസ് ക്ലോഷര്‍ ഉപയോഗിച്ചിട്ടുള്ളൂ എന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. കെ.ജി. സാബു പത്രസമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സുപ്രിയ രഞ്ജിത്, ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം ഡോ. വിഷ്ണു ജി. കൃഷ്ണൻ, ഡിജിഎം ഓപ്പറേഷൻസ് മേധാവി വിവിൻ ജോർജ് എന്നിവരും പങ്കെടുത്തു.