വീണു കിട്ടിയ പണം ഉടമയെ കണ്ടെത്തി കൈമാറി
1375202
Saturday, December 2, 2023 2:07 AM IST
ചെറുപുഴ: ചെറുപുഴ എടിഎം കൗണ്ടറിനു സമീപത്തു നിന്നും വീണുകിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നൽകി. ചെറുപുഴയിലെ ന്യൂ പാലസ് ഹോട്ടൽ ഉടമ വി.പി. സാദിഖിനാണ് പണം കിട്ടിയത്. അപ്പോൾ തന്നെ ആളുകളെയും വ്യാപാരികളെയും വിവരമറിയിക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ വിവരം ഷെയർ ചെയ്യുകയും ചെയ്തു.
എന്നാൽ രണ്ടാഴ്ചയ്ക്കു ശേഷമാണ് ഉടമയെ കണ്ടെത്താൻ കഴിഞ്ഞത്. പാടിയോട്ടുചാൽ ഈങ്കുളം സ്വദേശി റിട്ട. ആർമി ഉദ്യോഗസ്ഥൻ ടി.പി. രമേശന്റെ പണമാണു നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ മകൻ ടി. രജീഷിനാണ് പണം കൈമാറിയത്. വ്യാപാരി വ്യവസായി സമിതി ചെറുപുഴ യൂണിറ്റ് പ്രസിഡന്റ് സുലേഖ വിജയനെ സാദിഖ് പണം ഏൽപിക്കുകയും സുലേഖ രജീഷിന് പണം നൽകുകയുമായിരുന്നു. വ്യാപാരി വ്യവസായി സമിതി ചെറുപുഴ യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. സുഭാഷ്, ഹോട്ടൽ ജീവനക്കാർ, മറ്റു വ്യാപാരികൾ എന്നിവരും സന്നിഹിതരായിരുന്നു. സാദിഖിന്റെ മാതൃകാ പ്രവർത്തനത്തെ വ്യാപാരികൾ ഉൾപ്പടെയുള്ളവർ അഭിനന്ദിച്ചു. പണം നഷ്ടപ്പെട്ട റിട്ട. ആർമി ഉദ്യോഗസ്ഥൻ ടി.പി. രമേശൻ നവംബർ 17ന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.