മലയോരമേഖലയിൽ പുഴകൾ വറ്റിത്തുടങ്ങി
1375521
Sunday, December 3, 2023 6:33 AM IST
ആലക്കോട്: മഴ മാറിയതോടെ മലയോരമേഖലയിലെ പുഴകളിൽ വെള്ളം വറ്റിത്തുടങ്ങി. മുൻവർഷങ്ങളെ അപേക്ഷിച്ച് തുലാമഴ കുറഞ്ഞതാണ് പുഴയിലെ വെള്ളം കുറയാൻ കാരണം. പുഴകളിലെയും തോടുകളിലേയും കിണറുകളിലെയും നീരൊഴുക്ക് കൂടുന്നത് തുലാമഴയിലെ വെള്ളം കൊണ്ടാണ്.
ജല സംരക്ഷണത്തിന് തീവ്രശ്രമം ഉണ്ടായില്ലെങ്കിൽ കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും മറ്റും ജനം ബുദ്ധിമുട്ടേണ്ടി വരും. അനിയന്ത്രിതമായി കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുഴയിലെ വെള്ളം പമ്പ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ജല ക്ഷാമം അതിരൂക്ഷമാകും. പുഴയിലെ ജലം മലിനമാകാതിരിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ആവശ്യമായിരിക്കെ അധിക്യതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
മുൻകാലങ്ങളിൽ പുഴയിൽ വെള്ളത്തിന്റെ അളവ് കുറയുന്ന സമയങ്ങളിൽ മീൻ പിടിക്കുന്നതിനുവേണ്ടി തോട്ടയിട്ടും കുരിശു കലക്കിയും ജലം മലിനമാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട് ഇത് പുഴകളിൽ മത്സ്യങ്ങൾ അടക്കം ചത്തുപൊങ്ങുന്നതിന് കാരണമാകുന്നു. നീരൊഴുക്ക് കുറയുന്നതോടെ പുഴകളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു വെള്ളം സംരക്ഷിക്കേണ്ടതുണ്ട്.
പുഴയിലെ വെള്ളം ക്രമീകരിച്ചു നിർത്താൻ പുഴയുടെ പല ഭാഗങ്ങളിൽ മണൽ ചാക്കിട്ട് തടയണ നിർമിക്കണം എന്നാണ് നാട്ടുകാർ പറയുന്നത്. പുഴവെള്ളം മലിനമാകുന്ന തരത്തിൽ വാഹനങ്ങൾ കഴുകുന്നതും ഓലകൾ നിക്ഷേപിക്കുന്നതും തടയാൻ നടപടി ഉണ്ടാകേണ്ടതുണ്ട്. കുടക് വനാതിർത്തിൽ നിന്ന് ആരംഭിച്ച് മലയോരത്തെ ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്പഞ്ചായത്തുകളിൽ കൂടി ഒഴുകി കുപ്പം പുഴയിൽ എത്തിച്ചേരുന്ന രയറോം പുഴയിൽ മുൻ കാലങ്ങളിൽ ഡിസംബറിൽ നീരൊഴുക്ക് ഉണ്ടാറുള്ളതാണ്, ഈ വർഷം ക്രമാതീതമായ വെള്ളത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.