കർഷകർക്ക് പ്രതീക്ഷ നല്കി കശുവണ്ടി വിരിഞ്ഞ് തുടങ്ങി
1375523
Sunday, December 3, 2023 6:33 AM IST
കേളകം: കർഷകർക്ക് പ്രതീക്ഷ നല്കി കശുവണ്ടികൾ വിരിഞ്ഞ് തുടങ്ങി. കശുവണ്ടി വിരിഞ്ഞു തുടങ്ങിയതോടെ കര്‍ഷക മനസുകളില്‍ ഇനി പ്രതീക്ഷയുടെ നാളുകള്‍. വെയിലിന് ചൂടു കൂടിയത് മുതല്‍ തളിരിട്ട കശുമാവുകള്‍ പൂവിട്ടു തുടങ്ങി. ബഡ് കശുമാവ് തോട്ടങ്ങളിലും കായ്ച്ച് തുടങ്ങിയിട്ടുണ്ട്. പുഴുശല്യം കാരണം കശുമാവുകള്‍ വ്യാപകമായി നശിച്ചതും ഉത്പാദനച്ചെലവിനനുസരിച്ചുള്ള വില ലഭിക്കാത്തതും കശുവണ്ടി കര്‍ഷകരെ കൃഷിയില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്.
ജനുവരി മാസത്തോടെയാണ് കശുവണ്ടിയുടെ വിളവെടുപ്പ് ആരംഭിക്കുമെങ്കിലും. ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ പൂര്‍ണ വിളവെടുപ്പിന് സജ്ജമാകും.
കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ കശുവണ്ടിക്ക് കിലോക്ക് 120 രൂപ ലഭിച്ചുവെങ്കിലും വിളവെടുപ്പിന് പാകമായതോടെ 100ഉം 90 ഉം രൂപയിലേക്ക് താഴ്ന്നു. മഴയൊന്ന് പെയ്തതോടെ വീണ്ടും വില കുത്തനെയിടിഞ്ഞു. മാറി വരുന്ന സര്‍ക്കാറുകള്‍ക്ക് മുമ്പില്‍ കശുവണ്ടി കര്‍ഷകരുടെ പ്രശ്നങ്ങളും കശുവണ്ടി മേഖലയെ സംരക്ഷിക്കുന്നതിനായി കശുമാങ്ങയില്‍ നിന്ന് വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുവാനുള്ള നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കശുമാവ് കര്‍ഷകരെ രക്ഷിക്കുന്നതിനായി വിളവെടുപ്പിന് മുമ്പേ തന്നെ സര്‍ക്കാര്‍ തറവില നിശ്ചയിക്കുകയും പുതുതായി കര്‍ഷകരെ ഈ രംഗത്തേക്ക് സജീവമാക്കുന്നതിന് ഒട്ടേറെ ആനുകൂല്യങ്ങളുടെ പ്രത്യേക പദ്ധതി തയാറാക്കുകയും ചെയ്യണമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. ഫെബ്രുവരി ആദ്യവാരത്തോടെ കശുവണ്ടി വിപണി ഉണരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും കര്‍ഷകരും.