വട്ടക്കയം പാലത്തിന്റെ ബലക്ഷമത പരിശോധിക്കാൻ നിർദേശം
1375524
Sunday, December 3, 2023 6:33 AM IST
ഇരിട്ടി: നഗരസഭയിലെ വട്ടക്കയം പാലത്തിന്റെ ബലക്ഷമത മുനിസിപ്പൽ എൻജിനിയറുടെ സഹോയത്തോടെ പരിശോധിക്കാനും ആവശ്യമെങ്കിൽ അറ്റകുറ്റ പ്രവൃത്തി നടത്തി പാലം ബലപ്പെടുത്താനും നിർദേശം.
ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ ജില്ലാ കളക്ടറുമായ അരുൺ കെ. വിജയനാണ് ഇരിട്ടി നഗരസഭ സെക്രട്ടറിക്ക് നിർദേശം നല്കിയത്. 1996ൽ തടയണയായി നാട്ടുകാരുടെ സഹകരണത്തോടെ നിർമിച്ച പാലത്തിന്റെ അടിഭാഗത്തെ ഭിത്തിയിലെ കല്ലുകൾ ഉൾപ്പെടെ ഇളകിയെന്നും വിള്ളൽവീഴുമെന്ന മാധ്യമ വാർത്തയെ തുടർന്നാണ് നടപടി. അറ്റകുറ്റ പ്രവൃത്തിക്കായി ആവശ്യമെങ്കിൽ പൊതുമരാമത്തിന്റെ സഹായം കൂടി തേടും.
പാലത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെയും സ്കൂൾ കുട്ടികളടക്കമുള്ള യാത്രക്കാരുടെയും ഗതാഗതത്തിന് ആവശ്യമെങ്കിൽ നിയന്ത്രണം ഏർപ്പെടുത്താനും ദുരന്ത നിവാരണ നിയമ പ്രകാരം സിറ്റി പൊലീസ് കമീഷണർക്കും റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്കും നിർദേശം നല്കി.
കാലപ്പഴക്കമുള്ള പാലം വട്ടക്കയം തോടിന് കുറുകെ വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് വീതി കൂട്ടി നിർമിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് നാട്ടുകാരുടെ കൂടി സഹകരണത്തോടെ പാലം അല്പം വീതി കൂട്ടി നിർമിച്ചത്.