സൈക്കിളിൽ രാജ്യം ചുറ്റാൻ പഞ്ചാബുകാരൻ ഷാനു രജപുത്
1375526
Sunday, December 3, 2023 6:33 AM IST
ഇരിട്ടി: സൈക്കിളിൽ രാജ്യം ചുറ്റുന്നതിനിടെ പഞ്ചാബുകാരൻ ഷാനു രജപുത് (31) ഇരിട്ടിയിലെത്തി. കഴിഞ്ഞ ജൂലൈ 17 ന് ജമ്മു കാഷ്മീരിലെ സാമ്പ ജില്ലയിൽ നിന്നാണ് യാത്രയുടെ തുടക്കം. പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകയും അടക്കം ഏഴ് സംസ്ഥാനങ്ങൾ പിന്നിട്ട് ഇന്നലെ ഉച്ചയോടെയാണ് കേരളത്തിലൂടെയുള്ള യാത്രയിൽ ഷാനു ഇരിട്ടിയിൽ എത്തുന്നത്.
138 ദിവസം പിന്നിടുന്ന സൈക്കിൾ യാത്ര മാക്കൂട്ടം ചുരം കടന്ന് ഇരിട്ടിയിൽ എത്തുമ്പോൾ ഇന്നലെ ഉച്ചയ്ക്ക് രണ്ടായിരുന്നു. ഒരു ദിവസം 10 മണിക്കൂറാണ് സൈക്കിൾ യാത്ര. രാവിലെ ആറിന് ആരംഭിക്കുന്ന ഷാനു ഒരു ദിവസം 70 മുതൽ 80 കിലോമീറ്റർ വരെ യാത്ര ചെയ്യും. പെട്രോൾ പമ്പുകളിലാണ് അധികവും വിശ്രമം. വൈകുന്നേരം നാലോടെ സുരക്ഷിതമായ താവളത്തിൽ ടെന്റ് സ്ഥാപിച്ച് വിശ്രമിക്കും.
സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കാനാണ് യാത്രയ്ക്ക് സൈക്കിൾ തന്നെ തെരഞ്ഞെടുത്തതെന്ന് ഷാനു പറയുന്നു. 20 ദിവസമാണ് ഷാനുവിന്റെ കേരളത്തിലെ സഞ്ചാരം. കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്കും. 40,000 കിലോമീറ്റർ ദൂരം റോഡിലൂടെ സൈക്കിളിൽ ഒറ്റയ്ക്ക് നടത്തുന്ന യാത്ര.