സർവേക്കല്ല് പതിപ്പിച്ച നടപടി പുനഃപരിശോധിക്കണം; വീർപ്പാട് ടൗൺ ഉൾപ്പെടുന്ന അഞ്ചേക്കർ 27 സെന്റ് സ്ഥലം
1375530
Sunday, December 3, 2023 6:34 AM IST
ഇരിട്ടി: ആറളം വില്ലേജിലെ റീസർവേയുടെ ഭാഗമായി വീർപ്പാട് ടൗൺ ഉൾപ്പെടുന്ന അഞ്ചേക്കർ 27 സെന്റ് സ്ഥലം റവന്യൂ ഭൂമിയായി കണക്കാക്കി സർവേക്കല്ല് പതിപ്പിച്ച നടപടി പുനപരിശോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം റീസർവേ നടത്തിയ പ്രദേശത്ത് ജനങ്ങൾ ആശങ്ക അറിയിച്ചു എംഎൽഎയ്ക്ക് നല്കിയ കത്ത് സഭയിൽ വായിച്ചു.
സഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ റിസർവ് ഉദ്യോഗസ്ഥന് കഴിഞ്ഞില്ല. തുടർന്ന് ഇക്കാര്യത്തിൽ റീസർവേ വിഭാഗവും റവന്യൂ വിഭാഗവും ജനപ്രതിനിധികളും യോഗം ചേർന്ന് ഭൂവുടമകൾക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എംഎൽഎയാണ് സഭയുടെ മുൻപാകെ ഈ പ്രശ്നം ഉന്നയിച്ചത്.
ടെൻഡർ നടപടികൾ കഴിഞ്ഞ് നാലുവർഷം പിന്നിട്ടിട്ടും കേളകം-അടയ്ക്കാത്തോട് റോഡ് നവീകരണം പൂർത്തിയാകാത്തത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ് ആണ് വിഷയം ഉന്നയിച്ചത്. 2019 ലാണ് റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയതാണെന്നും എന്നാൽ പിന്നീട് നിർമാണ പ്രവർത്തികൾ നടന്നില്ലെന്നും അവർ ആരോപിച്ചു. മഴ കാരണമാണ് ജോലികൾ വൈകിയത് എന്ന് എക്സിക്യൂട്ടീവ് എൻജിനിയറുടെ മറുപടിയാണ് അംഗങ്ങളെ പ്രകോപിപ്പിച്ചത്.
നാലുവർഷം കഴിഞ്ഞിട്ടും മഴ മാറിയില്ലേ എന്ന് അംഗങ്ങൾ മറുപടിയെ പരിഹസിച്ചു. ഡിസംബറിനുള്ളിൽ ജോലികൾ പൂർത്തിയാകുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ യോഗത്തെ അറിയിച്ചു. പ്രശ്നത്തിൽ ഇടപെട്ട് എംഎൽഎ ഈ വിഷയത്തിൽ താലൂക്ക് സഭയുടെ പ്രതിഷേധം രേഖപ്പെടുത്തി. ഡിസംബറിൽ നിർമാണം പൂർത്തിയായില്ലെങ്കിൽ ജനങ്ങൾ താലൂക്ക് സഭയിലേക്ക് മാർച്ച് നടത്തുന്ന സാഹചര്യം ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം പറഞ്ഞു.
യാത്ര ദുർഘടമായ ഇരിട്ടി പേരാവൂർ കെഎസ്റ്റിപി റോഡിന്റെ പാച്ച് വർക്ക് ജോലിക്കുള്ള എഗ്രിമെന്റ് നടന്നതായും എഇ അറിയിച്ചു. എഐ ക്യാമറയുമായി ബന്ധപ്പെട്ട പരാതിയിൽ 2023 നവംബർ 21 വരെയുള്ള ചെല്ലാനുകൾ അയച്ചതായും എംവിഡി ഉദ്യോഗസ്ഥർ സഭയെ അറിയിച്ചു. ഇരിട്ടി നഗരത്തിലെ വഴിവിളക്കുകൾ കത്തിക്കുന്നതിൽ കെഎസ്റ്റിപി കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ ഇരട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത വീണ്ടും രംഗത്തെത്തി.
വിളക്കുകൾ കത്തിക്കാൻ കെഎസ്ടിപിക്ക് കഴിയില്ലെങ്കിൽ നഗരസഭ ഏറ്റെടുക്കാമെന്ന് ആറുമാസം മുൻപേ നഗരസഭ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു മറുപടി വരെ നല്കാൻ കെഎസ്റ്റിപി തയ്യാറാകുന്നില്ലെന്ന് നഗരസഭ ചെയർപേഴ്സൺ ആരോപിച്ചു. ആത്മഹത്യ ചെയ്ത പാലത്തിൻകടവിലെ കർഷകൻ സുബ്രഹ്മണ്യന്റെ കുടുംബത്തിന് ധനസഹായം ലഭിക്കാൻ മരണ സർട്ടിഫിക്കറ്റും പോസ്റ്റ്മോർട്ടം റിപ്പോർട്ടും എഫ്ഐആർ കോപ്പിയും ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പി.കെ. ജനാർദ്ദനന്റെ ചോദ്യത്തിന് തഹസിൽദാർ മറുപടി നല്കി.
പഞ്ചായത്ത് പ്രസിഡന്റുമാർ മുങ്ങി
താലൂക്ക് സഭ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസാന്നിധ്യം ശ്രദ്ധേയമായി. വൈകിയാണെങ്കിലും എത്താറുള്ള ഇവരുടെ പ്രതിനിധികളും ഇന്നലത്തെ യോഗത്തിൽ എത്തിയിരുന്നില്ല. ഇരിട്ടി ഗുഡ്സ് ഓട്ടോറിക്ഷ സ്റ്റാൻഡിലെ തണൽമരങ്ങൾ മുറിക്കുന്നതിനെ കുറിച്ച് ഉയർന്ന ചോദ്യത്തിന് തന്റെ ഓഫീസിൽ ലഭിച്ച അപേക്ഷയ്ക്ക് അനുമതി നല്കുകയാണ് ചെയ്തത് എന്നായിരുന്നു നഗരസഭ ചെയർപേഴ്സന്റെ മറുപടി.