കർഷക പ്രശ്നങ്ങൾക്ക് എന്ത് പരിഹാരം ചെയ്തു; മുഖ്യമന്ത്രിക്ക് കത്തോലിക്കാ കോൺഗ്രസിന്റെ തുറന്നകത്ത്
1375534
Sunday, December 3, 2023 6:42 AM IST
പയ്യാവൂർ: നവകേരള സദസുമായി മുന്നോട്ടുനീങ്ങുന്ന മുഖ്യമന്ത്രിക്ക് തുറന്ന കത്തിലൂടെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്താൻ കത്തോലിക്ക കോൺഗ്രസ്. കണ്ണൂർ ജില്ലയിലെ നവകേരള സദസിൽ കർഷകരുടെ ബുദ്ധിമുട്ടുകൾ തനിക്ക് ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
വർഷങ്ങളായി വിലയിടിഞ്ഞ് മനസ് മടുത്ത കേരളത്തിലെ റബർ കർഷകർ, നാളികേര കർഷകർ, നെൽകൃഷിക്കാർ, കുരുമുളക് കൃഷിക്കാർ എന്നിവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി മുഖ്യമന്ത്രി എന്താണ് ചെയ്തതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ തുറന്നകത്തിലൂടെ ആവശ്യപ്പെട്ടു.
രണ്ടാം പിണറായി സർക്കാർ രൂപീകൃതമാകുന്നതിനു മുമ്പുള്ള എൽഡിഎഫിന്റെ പ്രകടനപത്രികയിൽ റബറിന് 250 രൂപ വിലസ്ഥിരത ഫണ്ട് ഏർപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തിട്ട് ഇപ്പോൾ നൽകുന്ന 170 രൂപ ലഭിക്കാൻ പോലും റബർ കർഷകർ സമരം ചെയ്യേണ്ട ഗതികേടിലാണെന്നും നാളികേര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പച്ചത്തേങ്ങ കിലോഗ്രാമിന് 33 രൂപ വില നിശ്ചയിച്ച് സംഭരിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ട് പച്ചത്തേങ്ങ സംഭരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും നെൽകർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് വില നൽകാതെ കർഷകർ തെരുവിലാണെന്നും കത്തിൽ പറയുന്നു.
വന്യമൃഗങ്ങളുടെ അതിരൂക്ഷമായ ആക്രമണം മൂലം കർഷകർ മലയോരങ്ങളിൽനിന്ന് കുടിയിറങ്ങാൻ തുടങ്ങിയിട്ടും അവരെ സംരക്ഷിക്കുവാനോ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനോ കേരള സർക്കാർ തയാറാകുന്നില്ല. എന്നു മാത്രമല്ല കർഷകരെ സംരക്ഷിക്കേണ്ടതിനു പകരം ഭൂമിയുടെ ന്യായവില അന്യായമായി വർധിപ്പിച്ച് ഭൂമി വിറ്റ് കടം വീട്ടാൻ പോലും കർഷകർക്ക് കഴിയാത്ത ദുരവസ്ഥയാണ് ഇന്നുള്ളത്. അതിനാൽ കർഷകർക്ക് വാഗ്ദാനങ്ങളല്ല ഇപ്പോഴത്തെ ആവശ്യം. അവരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് വേണ്ടത്.
കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഈമാസം 11ന് ഇരിട്ടിയിൽ നിന്ന് ആരംഭിച്ച് ഈമാസം 23ന് തിരുവനന്തപുരത്ത് സമാപിക്കുന്ന അഡ്വ. ബിജു പറയന്നിലം നയിക്കുന്ന "അതിജീവന യാത്ര' കേരള സർക്കാരിന്റെ കണ്ണുതുറപ്പിക്കുമെന്ന് പ്രത്യാശിക്കുന്നതായി കത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം എത്രയും പെട്ടെന്ന് തന്നെ ഉണ്ടായില്ലെങ്കിൽ അതിശക്തമായ സമരപരിപാടികളുമായി കത്തോലിക്ക കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.