സുപ്രീംകോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി: കെ.സി.വേണുഗോപാല്‍
1375536
Sunday, December 3, 2023 6:42 AM IST
കണ്ണൂർ: കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി യുടെ വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. നീതിന്യായ വ്യവസ്ഥിതിയോട് അല്പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും ധാര്‍മിക അവകാശ മില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ മമ്പറത്ത് യുഡിഎഫിന്റെ വിചാരണ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വേണുഗോപാല്‍.
തന്റെ ജില്ലയിൽ വേണ്ടപ്പെട്ട വ്യക്തിയെ വിസിയായി പുനർനിയമനം നല്കാന് മുഖ്യമന്ത്രി ചട്ടവിരുദ്ധമായി ശിപാര്‍ശ ചെയ്തു. നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണിത്. അതിന് വഴങ്ങിയ ഗവര്‍ണര്‍ കൂട്ടുപ്രതിയാണ്. പൊതുജനങ്ങളുടെ മുന്നില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തിതീര്‍ത്ത ശേഷം ആവശ്യം വരുമ്പോള്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ പരസ്പരം സഹകരിച്ച് പ്രവര്ത്തിന്നതാണ് വിസി നിയമനത്തിലടക്കം കാണാൻ കഴിയുന്നത്. .
ജനങ്ങളുടെ ചെലില്‍ സര്‍ക്കാരും എല്‍ഡിഎഫും നടത്തുന്ന പിആര്‍ തട്ടിപ്പാണ് നവകേരള സദസ്. നവകേരള സദസില്‍ പരാതിക്കാര്‍ തീണ്ടാപ്പാടകലയെയാണ്. മാന്യന്മാരെ മാത്രം കാണുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പാരാതിക്കാരായ സാധാരണ ജനങ്ങളെ ഉദ്യോഗസ്ഥരുടെ മുന്നില്‍ ക്യൂനിര്‍ത്തി രണ്ടാംതരം പൗരന്മാരാക്കി. പരാതി നേരിട്ട് കേള്ക്കാനായിരുന്നില്ലെങ്കില് കളക്ടര്‍മാരെ ഉപയോഗിച്ച് പരാതി പരിഹാര അദാലത്ത് നടത്തിയാല്‍ മതിയായിരുന്നല്ലോയെന്നും വേണുഗോപാല്‍ ചോദിച്ചു. കോടികള്‍ കടമെടുത്ത് മുഖ്യമന്ത്രി യും മന്ത്രിമാരും നടത്തിയ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണമെന്നും വേണുഗോപാൽ പറഞ്ഞു.
പി.ടി.മാത്യു അധ്യക്ഷത വഹിച്ചു. അബ്ദുൾ കരീം ചേലേരി കുറ്റപത്രം അവതരിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സണ്ണി ജോസഫ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, വി.എ. നാരായണൻ, സജീവ് മാറോളി, ബിന്ദുകൃഷ്ണ, ഷമാ മുഹമ്മദ്, അബ്ദുൾ റഹ്മാൻ കല്ലായി, എൻ.പി താഹിർ, കെ.എ. ഫിലിപ്, സി.എ. അജീർ, ഇല്ലിക്കൽ ആഗസ്തി, ഇ.ആർ.വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.