പഴശി അണക്കെട്ടിൽ പ്ലാസ്റ്റിക് മാലിന്യം വീണ്ടും കുമിഞ്ഞു കൂടുന്നു
1375818
Monday, December 4, 2023 7:01 AM IST
മട്ടന്നൂർ: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പഴശി അണക്കെട്ടിൽ പ്ലാസ്റ്റിക് മാലിന്യം വീണ്ടും കുമിഞ്ഞു കൂടുന്നു. അണക്കെട്ടിന്റെ ഷട്ടറുകളുടെ ഭാഗത്തും മറ്റുമാണ് പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്താൻ പഴശി ഡാമിൽ നിന്നാണ് ആവശ്യത്തിന് വെള്ളം ശേഖരിക്കുന്നത്. അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു ഡാമിൽ വെള്ളം സംഭരിക്കാൻ തുടങ്ങിയതോടെയാണ് പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കാൻ തുടങ്ങിയത്. ഷട്ടറിന്റെ മാധ്യ ഭാഗത്തും സൈഡിലുമാണ് പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യം കെട്ടിക്കിടക്കുന്നത്. ഷട്ടർ അടച്ചു വെള്ളം സംഭരിക്കാൻ തുടങ്ങിയതോടെ ഡാമിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം പുഴയിലേക്ക് ഒഴുകാത്തതാണ് പഴശി ഡാമിൽ കെട്ടിക്കിടക്കുന്നത്. മുമ്പും നിരവധി തവണ ജലത്തിൽ മാലിന്യം കെട്ടിക്കിടന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 19ന് ഇരിട്ടി നഗരസഭയും പായം, പടിയൂർ പഞ്ചായത്തുകൾ ചേർന്നു മാലിന്യം നീക്കം ചെയ്തിരുന്നു. ഇതിനു ശേഷമാണ് വീണ്ടും മാലിന്യം കെട്ടിക്കിടക്കുന്നത്. കണ്ണൂർ, പട്ടുവം, പെരളശേരി - അഞ്ചരക്കണ്ടി, കീഴൂർ ചാവശേരി, കൊളച്ചേരി, കൂത്തുപറമ്പ് ശുദ്ധജല പദ്ധതികൾക്കാണ് പഴശി ഡാമിൽ നിന്ന് വെള്ളം ശേഖരിക്കുന്നത്. മലയോരത്തുണ്ടാകുന്ന മഴവെളളത്തിനൊപ്പമാണ് പ്ലാസ്റ്റിക് ഉൾപ്പെടെ ഡാമിലേക്ക് ഒഴുകിയെത്തുന്നത്.