വയനാട്ടിലേക്ക് ചുരംരഹിത പാത: ജനകീയകമ്മിറ്റി രൂപീകരിച്ചു
1375819
Monday, December 4, 2023 7:01 AM IST
കൊട്ടിയൂർ: വയനാട്ടിലേക്കുള്ള ചുരമില്ലാ പാതയായ കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ നാൽപത്തിനാലാം മൈൽ ചുരം രഹിത പാതക്ക് ജീവൻ വയ്ക്കുന്നു. ഇതു സംബന്ധിച്ച ആലോചനായോഗവും ജനകീയ കമ്മിറ്റി രൂപീകരണവും കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ നടന്നു.
സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അപകട പാതയായ പാൽചുരം -ബോയ്സ് ടൗൺ റോഡിനെക്കാൾ പഴക്കമുള്ള ചുരം രഹിത പാത എന്ന ആവശ്യം നടപ്പാക്കാൻ ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് തയാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിമാർക്കും വകുപ്പ് മന്ത്രിമാർക്കും കാലങ്ങളായി നിവേദനം നൽകിയെങ്കിലും ഫലം സാധ്യതാപഠനങ്ങളിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. അമ്പായത്തോട് നിന്ന് താഴേ പാൽ ചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44-ാം മൈലിൽ പ്രധാന പാതയിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട ബദൽ റോഡ്. ചുരമില്ല എന്നതാണ് ഈ പാത പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാൽ വന സാന്നിധ്യമാണ് പാതയ്ക്ക് തടസമാകുന്നത്. യോഗത്തിന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻ തുരുത്തിയിൽ, ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എൻ.സുനീന്ദ്രൻ, ഇന്ദിര ശ്രീധരൻ, ഷാജി പൊട്ടയിൽ, പി.തങ്കപ്പൻ , പി.സി.രാമകൃഷ്ണൻ , ബാബു കാരുവേലിൽ, ജോയി ജോസഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: റോയ് നന്പുടാകം-ചെയർമാൻ, ഫിലോമിന തുന്പൻ തുരുത്തിയിൽ-കൺവീനർ, ഷാജി പൊട്ടിൽ-ജോയിന്റ് കൺവീനർ, ജോയ് ജോസഫ്, കെ.എൻ. സുനീന്ദ്രൻ-വൈസ് ചെയർമാൻമാർ, പി. തങ്കപ്പൻ-ട്രഷറർ.