"സാന്ത്വനം-18' മൂന്നാംഘട്ടം ഉദ്ഘാടനവും ഭൂമിയുടെ രേഖകൾ കൈമാറലും നടത്തി
1375822
Monday, December 4, 2023 7:14 AM IST
ആലക്കോട്: ഭൂരഹിതരായ കുടുംബങ്ങളെ സഹായിക്കാൻ ഫാ. മാത്യു പയ്യനാട്ടിന്റെ നേതൃത്വത്തിൽ 2018 ആരംഭിച്ച സാന്ത്വനം-18 പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റ ഉദ്ഘാടനവും 20 കുടുംബങ്ങൾക്കുള്ള ഭൂരേഖകളുടെ കൈമാറ്റവും ഭൂദാനം നടത്തിയവരെയും വീടുനിർമാണത്തിന് സഹായം നൽകിയവരെയും ആദരിച്ചു. കരുവഞ്ചാൽ ലൈബ്രറി ഹാളിൽ മോൺ. തോമസ് തൈത്തോട്ടം ഉദ്ഘാടനം ചെയ്തു. ഫാ.മാത്യൂ മണിമലത്തറപ്പേൽ അധ്യക്ഷത വഹിച്ചു.
ഫാ.മാത്യു പയ്യനാട്ട് സ്വാഗതവും സിസ്റ്റർ ആലീസ് എസ്എച്ച് നന്ദിയും പറഞ്ഞു. പദ്ധതിയുടെ മൂന്നാംഘട്ടം കൊട്ടോടി ഇടവകയിൽ സാന്ത്വനഗിരി എന്ന സ്ഥലത്ത് പുരോഗമിക്കുകയാണ്. 17 വീടുകൾ നിർമിക്കാൻ തന്റെ ഭർത്താവിന്റെ ഓർമദിനത്തിൽ 2.30 ഏക്കർ സ്ഥലം സൗജന്യമായി നൽകിയ കൊട്ടോടിയിലെ എൽസി ജോസ് വടക്കേമുണ്ടാനിയും വീടുനൽകിയ മാനന്തവാടിയിലെ സിസിലി ജോസ് ഉപ്പുവീട്ടിലും ഉൾപ്പെടെ 10 പേരെയാണ് ആദരിച്ചത്.
ഫാ. മാത്യു പയ്യനാട്ട് നിലവിൽ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയാണ്. 2018 പ്രളയകാലത്ത് പയ്യനാട്ടച്ചന്റെ മനസിൽ ഉദിച്ച ആശയത്തിലൂടെ നിരവധി ഭൂരഹിതരായ കുടുംബങ്ങൾക്കാണ് സുമനസുകളുടെ സഹായത്തോടെ സ്ഥലവും വീടും ലഭിച്ചത്. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പത്തു വീടുകൾ നിർമിച്ചു നൽകിയിരുന്നു.