"ബോൺ നത്താലെ’ ക്രിസ്മസ് സന്ദേശയാത്ര 23ന് ഇരിട്ടിയിൽ
1375825
Monday, December 4, 2023 7:14 AM IST
കണ്ണൂർ: തലശേരി അതിരൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ ക്രിസ്മസ് സന്ദേശ റാലിയും മെഗാ പാപ്പാ സംഗമവും നടത്തുന്നു. മലബാറിലെ ഏറ്റവും വലിയ മെഗാ പാപ്പാ സംഗമം മൂന്നാം തവണയാണ് ഇരിട്ടിയിൽ അരങ്ങേറുന്നത്.
23ന് വൈകുന്നേരം ഇരിട്ടി പള്ളി പരിസരത്തുനിന്ന് ആരംഭിക്കുന്ന മെഗാ പാപ്പാ റാലി ഇരിട്ടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ അവസാനിക്കും.തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ക്രിസ്മസ് സന്ദേശം നൽകും. എംഎൽഎമാർ, ജനപ്രതിനിധികൾ,വികാരി ജനറാൾമാർ , ഫൊറോന വികാരിമാർ,യുവജന നേതാക്കൾ, വൈദികർ, സമർപ്പിതർ, വിവിധ ഇടങ്ങളിൽനിന്നുള്ള യുവജനങ്ങൾ തുടങ്ങി അയ്യായിരത്തോളം പേർ റാലിയിൽ അണിനിരക്കും.
എടൂർ, പേരാവൂർ, നെല്ലിക്കാംപൊയിൽ, മണിക്കടവ്, കുന്നോത്ത് എന്നീ ഫൊറോനകളുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ബോൺ നത്താലെയുടെ പ്രഥമ ആലോചനാ യോഗം
എടൂർ ഫൊറോനപള്ളിയിൽ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരിമാരായ ഫാ. തോമസ് വടക്കേമുറയിൽ, ഫാ. അഗസ്റ്റിൻ പാണ്ട്യാമ്മാക്കൽ, റവ. ഡോ. തോമസ് കൊച്ചുകരോട്ട്, ഫാ.ജോസഫ് കാവനാടിയിൽ, ഫാ. പയസ് പടിഞ്ഞാറേമുറിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മെഗാ പാപ്പാസംഗമത്തിനും സന്ദേശ റാലിക്കും ഒരുക്കങ്ങൾക്കും നേതൃത്വം കൊടുക്കാൻ അതിരൂപത കെസിവൈഎം സെക്രട്ടറിയേറ്റിനോടൊപ്പം, ഫൊറോന ഡയറക്ടർമാർ ഫൊറോന പ്രസിഡന്റുമാർ തുടങ്ങിയവരെ ചുമതലപ്പെടുത്തുകയും വിപുലമായ സംഘാടക സമിതി യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു. അതിരൂപത പ്രസിഡന്റ് അഖിൽ ചാലിൽ പുത്തൻപുരയിൽ, ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, ജനറൽ സെക്രട്ടറി അഖിൽ ഡൊമിനിക്, തലശേരി അതിരൂപത ഭാരവാഹികളായ എബിൻ കാഞ്ഞിരത്തിങ്കൽ , റോണിറ്റ് തോമസ്, സിന്റോ അഗസ്റ്റിൻ, സിസ്റ്റർ ഷേർളി മാത്യു എംഎസ്എംഐ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നല്കി.