റബർ ഷീറ്റിന് തീപിടിച്ച് വീട് കത്തിനശിച്ചു
1375962
Tuesday, December 5, 2023 5:57 AM IST
തേർത്തല്ലി: അടുക്കളയിലെ ചിമ്മിനിയിൽ ഉണക്കാനിട്ട റബർ ഷീറ്റുകൾക്ക് തീപിടിച്ച് വീടിന്റെ അടുക്കള ഭാഗവും വയറിംഗും ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു.
ചെറുപാറയിലെ കുളത്തുങ്കൽ മാത്യു വർഗീസിന്റെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെയാണ് തീപിടിത്തമുണ്ടായത്. ഉണക്കാനിട്ട 350 ഷീറ്റ് റബറും കത്തി നശിച്ചു. തീപിടിത്തത്തെ തുടർന്ന് വീടിന്റെ ചുമർ വിണ്ടു കീറിയ നിലയിലാണ്.
തീ വീടിന്റെ മറ്റു ഭാഗത്തേക്ക് പടരുന്നതിന് മുന്പ് പെരിങ്ങോം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. തോമസിന്റെ നേതൃത്വത്തിൽ എത്തിയ ഫയർമാൻമാരായ ബിനീഷ്, വിപിൻ, വിശാൽ, രതീഷ്, നോബൽ എന്നിവരും നാട്ടുകാരും ചേർന്നാണ് തീ അണച്ചു. ആലക്കോട് എസ് ഐ, കെ.ജെ. മാത്യുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ഏകദേശം നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.