കാർഷികോത്പന്നങ്ങൾ വില്പന നടത്തുന്നതിന് കർഷകന് വിലക്കേർപ്പെടുത്തി പോലീസ്
1375964
Tuesday, December 5, 2023 5:57 AM IST
ചെറുപുഴ: സ്വന്തമായി വിളയിച്ചെടുത്ത കാർഷികോത്പന്നങ്ങൾ വാഹനത്തിലെത്തിച്ച് റോഡരികിൽ വില്പന നടത്താനുള്ള കർഷകന്റെ ശ്രമത്തിന് തടയിട്ട് പോലീസ്. ചെറുപുഴ ആയന്നൂരിലെ അഴകത്ത് ജയിംസ് ഇന്നലെ തന്റെ സ്വന്തം കാർഷിക വിളകൾ തന്റെ ജീപ്പിൽ സംഭരിച്ച് വില്പനയ്ക്കായി ചെറുപുഴ ടൗണിൽ നിന്നും ഒരു കിലോ മീറ്റർ അകലെ ചെറുപുഴ പുതിയ പാലത്തിന് സമീപം എത്തിച്ചപ്പോഴാണ് പോലീസ് വിലക്കുമായി എത്തിയത്.
നട്ടു വളർത്തി വിളവെടുത്ത ഒന്നര കിലോ പയർ, ആറു കിലോ പാവയ്ക്ക, നാലര കിലോ കോവയ്ക്ക, 20 തേങ്ങ, 26 കരിക്ക്, രണ്ട് കുപ്പി തേൻ എന്നിവ വിപണനം നടത്താനുള്ള നീക്കമാണ് പോലീസ് സ്ഥലത്തെത്തി തടഞ്ഞത്. അമിത കീടനാശിനിയോ രാസവളമോ ഉപയോഗിക്കാതെ വിളയിച്ചെടുത്ത വിളകളുമായി എത്തിയ ജയിംസിന്റെ ഉത്പന്നങ്ങൾക്ക് തുടക്കത്തിൽ നല്ല വിപണനം ലഭിച്ചുതുടങ്ങിയിരുന്നു. കച്ചവടം തുടങ്ങി ഒരു മണിക്കൂർ ആകുന്പോഴേക്കും ചെറുപുഴ സ്റ്റേഷനിൽ നിന്നെത്തിയ പോലീസുകാർ ഇവിടെ കച്ചടവടം നടത്തരുതെന്ന് പറഞ്ഞ് വിലക്കുകയായിരുന്നുവെന്ന് ജയിംസ് പറഞ്ഞു. കർഷകന് അവന്റെ ഉത്പന്നങ്ങൾ എവിടെയും വില്പന നടത്താമെന്ന് പോലീസിനെ അറിയിച്ചപ്പോൾ അതെല്ലാം പഞ്ചായത്തധികൃതരുമായി സംസാരിച്ചാൽ മതിയെന്ന് പറഞ്ഞ് കച്ചവടം അവസാനിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.
അധികൃതർ കർഷകരെ സഹായിക്കാനാവശ്യമായ നിലപാടുകൾ സ്വീകരിക്കുന്നതിനു പകരം ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജയിംസ് ആവശ്യപ്പെട്ടു. കാട്ടുപന്നിയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഒരു വശത്ത് കൃഷി നശിപ്പിക്കുമ്പോൾ മറുവശത്ത് വിലത്തകർച്ചയും കർഷകന്റെ നടുവൊടിക്കുകയാണ്. അതിനിടെ ലഭിക്കുന്ന വിളവുകൾ വില്പന നടത്താൻ പോലും സാഹചര്യമുണ്ടാക്കാത്ത നടപടി സ്വീകരിക്കുന്നതാണോ കർഷക സ്നേഹമെന്നും ജയിംസ് ചോദിക്കുന്നു.