കൊതേരിയിൽ വാഹനാപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലു പേർക്കു പരിക്ക്
1375965
Tuesday, December 5, 2023 5:57 AM IST
മട്ടന്നൂർ: കൊതേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 4.30ഓടെ മട്ടന്നൂർ - കണ്ണൂർ റോഡിൽ കൊതേരി ഇറക്കത്തിലായിരുന്നു അപകടം. മട്ടന്നൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ക്രെയിനും ചാലോട് ഭാഗത്തും നിന്നും മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന മാരുതി കാറും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ കണ്ണൂർ ഭാഗത്ത് നിന്നും വരികയായിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. കാർ യാത്രികരും മാലൂർ സ്വദേശികളുമായ മുജീബ് റഹ്മാൻ (40), ഷെമീന (30), നസീർ (8), ഹസീബ് (10) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മട്ടന്നൂർ, കണ്ണൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്നു മട്ടന്നൂർ - കണ്ണൂർ റൂട്ടിൽ ഏറെ നേരം ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി. പ്രമോദന്റെ നേതൃത്വത്തിലെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ട വാഹനങ്ങളെ റോഡിൽ നിന്നും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡിൽ വാഹനത്തിൽ നിന്നും ഓയിൽ ഒഴുകിയതിനാൽ മട്ടന്നൂരിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി വെള്ളം ഉപയോഗിച്ച് റോഡ് വൃത്തിയാക്കി.