സോളാർ തൂക്കുവേലി ഉദ്ഘാടനം ചെയ്തു
1375966
Tuesday, December 5, 2023 5:57 AM IST
ഇരിട്ടി: ആറളം പഞ്ചായത്തിലെ പുതിയങ്ങാടി ഗ്രാമത്തെ കാട്ടാന ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ ജനകീയ കൂട്ടായ്മയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നിർമിച്ച ആനപ്രതിരോധ സൗരോർജ തൂക്കുവേലി ഉദ്ഘാടനം ചെയ്തു.
കക്കുവ മുതൽ പരിപ്പുതോട് വരെയുള്ള നാലുകിലോമീറ്റർ ദൂരത്തിലാണ് സോളാർ വൈദ്യുതി തൂക്കുവേലി നിർമിച്ചത്. ആറ് ലക്ഷം ചെലവിട്ടാണ് 4,5,6 വാർഡുകളിൽ പെടുന്ന ഭാഗങ്ങളിൽ സോളർ തൂക്കുവേലി സ്ഥാപിച്ചത്. വേലി പൂർത്തിയായതോടെ പുതിയങ്ങാടി ഗ്രാമത്തിലെ 200 ഓളം കുടുംബങ്ങൾക്ക് ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ആറളം ഫാമിൽ നിന്നും എത്തുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ സാധിക്കും.
സൗരോർജ വേലിയുടെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, കണ്ണൂർ ഡിഎഫ്ഒ പി. കാർത്തിക്, പഞ്ചായത്തംഗം ജോർജ് ആലാംപള്ളി, നിർമാണ കമ്മിറ്റി ചെയർമാൻ കെ.ടി. ജോസ്, കൊട്ടിയൂർ റെയ്ഞ്ചർ സുധീർ നരോത്ത്, പഞ്ചായത്തംഗം ഇ.സി. രാജു, ഫാ.സബാസ്റ്റ്യൻ മുട്ടത്തുപാറ, സഹദ് ഫൈസി ഇർഫാനി, മണത്തണ സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ്, കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. പ്രകാശൻ, എൻ. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.