മാവോയിസ്റ്റ് സാന്നിധ്യമേഖലയിൽ വീണ്ടും ഹെലികോപ്റ്റർ തെരച്ചിൽ
1375971
Tuesday, December 5, 2023 6:13 AM IST
ഇരിട്ടി: മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച ആറളം, കൊട്ടിയൂർ മേഖലയിലും വയനാട് വനമേഖലയിലും പോലീസും തണ്ടർ ബോൾട്ടും സംയുക്തമായി വീണ്ടും ഹെലികോപ്റ്ററിൽ തെരച്ചിൽ നടത്തി. നേരത്തെ വയനാട്ടിൽ രണ്ടു മാവോയിസ്റ്റുകൾ പിടിയിലാകുകയും ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ ഈ മേഖല പോലീസിന്റെ നീരീക്ഷണത്തിലാണ്.
വനമേഖലകളിലും അതിർത്തി ഗ്രാമങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഹെലികോപ്റ്റർ പരിശോധന നടത്തി.
പേരാവൂർ സിഐ ബിജോയ്, എസ്ഐ ബിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമാൻഡോസ് ഉൾപ്പെടെയുള്ള സംഘമാണ് ഇന്നലെ പരിശോധന നടത്തിയത്. അരീക്കോട് നിന്നും എത്തിയ സംഘം പരിശോധനയ്ക്ക് ശേഷം ഹെലികോപ്റ്റർ ഇരിട്ടിയിലെ വള്ള്യാട് ഇറക്കി.