കണ്ണൂർ വിമാനത്താവളത്തെ കേന്ദ്രം തഴയുന്നു: ജോൺ ബ്രിട്ടാസ്
1375973
Tuesday, December 5, 2023 6:13 AM IST
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തെ തഴയാൻ കേന്ദ്രസർക്കാർ നിരത്തുന്നത് വിചിത്ര ന്യായങ്ങളെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി പ്രസ്താവനയിൽ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വിദേശ വിമാന കമ്പനികൾക്ക് സർവീസുകൾ നടത്താൻ തുടർച്ചയായി അനുമതി നിരസിക്കുകയാണ്.
കണ്ണൂരിനു ശേഷം പ്രവർത്തനമാരംഭിച്ച ഗോവയിലെ മനോഹർ ഇന്റർനാഷണൽ എയർപോർട്ടിന് പോയിന്റ് ഓഫ് കാൾ പദവി ഇല്ലാതിരുന്നിട്ടും പുതിയ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാൻ ഒമാൻ എയറിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെന്നും രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.
സമാനരീതിയിൽ എത്തിഹാദ് എയർലൈൻസ് നേരത്തെ ജയ്പൂർ എയർപോർട്ടിൽനിന്ന് നടത്തിവന്നിരുന്ന സർവീസുകൾ കണ്ണൂരിലേക്ക് മാറ്റാൻ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അത് കേന്ദ്ര സർക്കാർ നിരസിക്കുകയായിരുന്നു. ഈ ഇരട്ടത്താപ്പ് നയം തിരുത്തി ഇനിയെങ്കിലും മറ്റു വിമാന ത്താവളങ്ങളിൽനിന്നുള്ള സർവീസുകളെങ്കിലും കണ്ണൂരിലേക്ക് മാറ്റാനുള്ള അനുമതി വിദേശ വിമാന സർവീസ് കമ്പനികൾക്ക് നൽകാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യ പ്പെട്ടു.