ക്രിസ്മസ് വിപണി കൈയടക്കി നക്ഷത്ര കണ്ണടകൾ
1375978
Tuesday, December 5, 2023 6:13 AM IST
കണ്ണൂർ: ക്രിസ്മസിനെ വരവേല്‍ക്കാന്‍ വിപണി സജീവമായി. നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്മസ് ട്രീയും സാന്താക്ലോസ് വസ്ത്രങ്ങളും വിപണിയിൽ നിറഞ്ഞു കഴിഞ്ഞു. എട്ട് അടി വരെയുള്ള എല്‍ഇഡി ട്രീകളാണ് ഇത്തവണ വിപണിയിലെ താരം. ഇതിന് പുറമെ ന്യൂജെൻ പിള്ളേരെ ആകർഷിക്കാൻ ഡെക്കറേഷന് വസ്തുക്കളിലും വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട്. ഡിസൈനോടുകൂടിയുള്ള ക്രിസ്മസ് തൊപ്പികള്‍, നക്ഷത്ര കണ്ണടകള്‍ എന്നിവയും വിപണിയിലുണ്ട്.
3000 രൂപ വിലയുള്ള നാല് അടിയുടെ എല്‍ഇഡി ക്രിസ്മസ് ട്രീ മുതല്‍ 6000 രൂപ വിലയുള്ള എട്ട് അടിയുടെ ട്രീക്കു് വരെ ആവശ്യക്കാരുണ്ട്. 100 രൂപ മുതല്‍ 800 വരെയുള്ള സാധാരണ ക്രിസ്മസ് ട്രീയുമുണ്ട്. പല വര്‍ണങ്ങളിലുള്ള എല്‍ഇഡി നക്ഷത്രങ്ങള്‍, ഒരു നക്ഷത്രത്തിൽ വിവിധ വര്ണങ്ങളോടു കൂടിയുള്ള നാല് എല്‍ഇഡി നക്ഷത്രങ്ങളുള്ള 600 രൂപയുടെ വലിയ നക്ഷത്രവും വിപണിയിലുണ്ട്. പേപ്പർ നക്ഷത്രങ്ങള്‍, തൊപ്പി, ക്രസ്മസ് അപ്പൂപ്പന്റെ മുഖംമൂടി എന്നിവയും വില്പനയ്ക്കെത്തിയിട്ടുണ്ട്. 60 മുതൽ 500 രൂപ വരെ വിലവരുന്ന സീരിയൽ മാല ബൾബ്, 400 രൂപ മുതൽ വിലയുള്ള പാപ്പാ ഡ്രസ് തുടങ്ങിയവയും വിപണിയിലെ താരങ്ങളാണ്.
വീടുകളിൽ പുൽക്കൂടുകൾ നിർമിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ, ഇപ്പോൾ സ്വന്തമായി നിർമിക്കുന്ന പുൽക്കൂടുകളെക്കാൾ റെഡിമെയ്ഡ് പുൽക്കൂടുകൾക്കാണ് ആവശ്യക്കാർ ഏറിവരുന്നത്. 300 മുതൽ 2000 വരെയാണ് പുൽക്കൂടിന്റെ വില. ഇഷ്ടത്തിനനുസരിച്ചുള്ള പുൽക്കൂട് മോഡലുകൾ വിപണിയിൽ എത്തികഴിഞ്ഞു. പല കടകളിലും വ്യത്യസ്തരീതിയിലുള്ള പുൽക്കൂടിനായുള്ള ഓർഡറുകൾ വന്നുകഴിഞ്ഞെന്ന് വ്യാപാരികൾ പറഞ്ഞു.
കളർഫുൾ കേക്ക് വിപണി
ക്രിസ്മസ്-പുതുവത്സര ആഘോഷത്തിനു മധുരമേകാന്‍ കേക്കുകളും രംഗത്തെത്തിയിട്ടുണ്ട്.വീടുകളില്‍ കേക്ക് നിര്‍മാണം വ്യാപിച്ചെങ്കിലും ബേക്കറികൾ പുതുമ നിറഞ്ഞ കേക്കുകളാണ് വിപണിയില്‍ ഇറക്കുന്നത്. മിൽക്കി ക്രഞ്ചി, കുൽഫി കേക്ക് തുടങ്ങിയവയാണ് ഇത്തവണത്തെ താരം. കേക്കിന് 900 മുതല്‍ ആണ് വില. ബിസ്കറ്റ് കൊണ്ടുള്ള കേക്കിന് 320 മുതല്‍ ആണ് വില. സാന്താക്ലോസിന്റെയും ക്രിസ്മസ് ട്രീയുടെയും രൂപത്തിലുള്ള കേക്കുകൾ വിപണിയിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു.
പ്ലം കേക്കിന് കിലോയ്ക്ക് 340 രൂപ വരെ വിലവരും. ക്രീം കേക്കിനും ആവശ്യക്കാരുണ്ട്. കാരറ്റ്, പൈനാപ്പിൾ, എന്നിവ ചേർത്തുള്ള ട്രെൻഡിംഗ് കേക്കുകളും വിപണിയിലുണ്ട്. സ്കൂൾ,കോളജ്, വിവിധ സംഘടനകൾ, പള്ളികൾ എന്നിവിടങ്ങളിൽ നിന്ന് ഇത്തവണ കൂടുതൽ ഓർഡർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.