തയ്യിൽ കൂറുന്പ ക്ഷേത്രത്തിലെ കവർച്ച: മൂന്നുപേർ പിടിയിൽ
1375979
Tuesday, December 5, 2023 6:13 AM IST
കണ്ണൂർ: തയ്യിൽ ശ്രീ കൂറുന്പ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച നടത്തിയ കേസിൽ ബന്ധുക്കളടക്കം മൂന്നുപേർ അറസ്റ്റിൽ. പള്ളിക്കുന്ന് ഇടച്ചേരി സ്വദേശി പി.കെ. നിഷിൽ (23), മലപ്പുറം മേൽമുറി സ്വദേശി ആസിഫ് സഹീർ (19), കക്കാട് കുഞ്ഞിപ്പള്ളിയിലെ മുഹമ്മദ് ഷാസ് (18) എന്നിവരെയാണ് കണ്ണൂർ സിറ്റി സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ നാലോടെ വിളക്ക് കത്തിക്കാൻ ക്ഷേത്രം ജീവനക്കാരൻ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്.
ഉടനെ ക്ഷേത്ര ജീവനക്കാർ കണ്ണൂർ സിറ്റി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സമീപത്തെ സിസിടിവികൾ പരിശോധിച്ചതിൽനിന്നാണ് പോലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ബൈക്കിലെത്തി ഭണ്ഡാരം കവർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നാണ് നിഷിലിനെ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റു രണ്ടു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ആസിഫ് സഹീറിനെ മലപ്പുറത്തുനിന്നും മുഹമ്മദ് ഷാസിനെ കണ്ണൂരിൽനിന്നും പിടികൂടുകയായിരുന്നു. ആസിഫും ഷാസും ബന്ധുക്കളാണ്. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും റിമാൻഡ് ചെയ്തു. പ്രതികളെ പിടികൂടിയ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സ്നേഹേഷ്, സജിത്ത്, ബിജു എന്നിവരും ഉണ്ടായിരുന്നു.