ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിന് ധനസഹായം നൽകണം: കത്തോലിക്ക കോൺഗ്രസ്
1376242
Wednesday, December 6, 2023 8:33 AM IST
പൈസക്കരി: പയ്യാവൂർ ചീത്തപ്പാറയിൽ കടബാധ്യത മൂലം ജീവനൊടുക്കിയ ക്ഷീര കർഷകൻ മറ്റത്തിൽ ജോസഫിന്റെ മുഴുവൻ കടങ്ങളും സർക്കാർ ഏറ്റെടുക്കണമെന്നും കുടുംബത്തിന് അർഹമായ ധനസഹായം നൽകണമെന്നും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സമിതി ആവശ്യപ്പെട്ടു.
പൈസക്കരി ക്ഷീരസംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്നതിന് ക്ഷീര വകുപ്പിന്റെ അവാർഡ് നേടിയതിനൊപ്പം മറ്റു കാർഷിക മേഖലകളിലും മികച്ച പ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നിട്ടും ബാങ്കുകളുടേയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടേയും കടക്കെണിയിലകപ്പെട്ട് ജീവിതം വഴിമുട്ടുകയാണുണ്ടായതെന്ന് സമിതി അംഗങ്ങൾ പറഞ്ഞു. സർക്കാരിന്റെയും മറ്റ് സംരംഭക ഏജൻസികളുടേയും പ്രലോഭനങ്ങൾക്ക് വഴങ്ങി വൻതുക ലോണെടുത്ത് വിവിധ സംരംഭങ്ങളിൽ ഏർപ്പെടുന്നവർക്ക് സർക്കാർ സെക്യൂരിറ്റി നൽകണമെന്നും സമിതി ആവശ്യപ്പെട്ടു.
പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളത്തിന്റെ നേതൃത്വത്തിൽ കത്തോലിക്ക കോൺഗ്രസ് ഫൊറോന ഡയറക്ടർ ഫാ.ജയ്സൺ വാഴക്കാട്ട്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ബേബി നെട്ടനാനിയ്ക്കൽ, അതിരൂപതാ ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, സെക്രട്ടറിമാരായ വർഗീസ് പള്ളിച്ചിറ, അൽഫോൻസ് കളപ്പുര, കുന്നോത്ത് ഫൊറോന പ്രസിഡന്റ് മാത്യു വള്ളോംകോട്ട്, പൈസക്കരി യൂണിറ്റ് പ്രസിഡന്റ് വിത്സൺ കന്നുകെട്ടിയിൽ, ക്നാനായ കത്തോലിക്ക കോൺഗ്രസ് മലബാർ റീജണൽ വൈസ് പ്രസിഡന്റ് ജോസ് മാത്യു കണിയാപറമ്പിൽ എന്നിവരുൾപ്പെട്ട സംഘം മറ്റത്തിൽ ജോസഫിന്റെ വീട് സന്ദർശിച്ച് കുടുംബാഗംങ്ങളെ ആശ്വസിപ്പിച്ചു.