കാസ് ജില്ലാ സമിതി രൂപീകരണവും ജപ്തി വിരുദ്ധ സമര പ്രഖ്യാപനവും എട്ടിന്
1376245
Wednesday, December 6, 2023 8:33 AM IST
ഇരിട്ടി: കെസിബിസി മുൻകൈ എടുത്ത് വിവിധ കർഷക, വ്യാപാരി, സാമൂഹ്യ, മതസംഘടനകളേയും, ചേർത്തു നിർത്തി സമാനചിന്താഗതിക്കാരായ വ്യക്തികളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കേരള കർഷക അതിജീവന സംയുക്ത സമിതി (കാസ് ) കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരണം എട്ടിന് ഇരിട്ടിയിൽ നടക്കും.
ഉച്ച കഴിഞ്ഞ് രണ്ടിന് ഇരിട്ടി സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കാസ് സംസ്ഥാന വൈസ് ചെയർമാൻമാരായ വി. രവീന്ദ്രൻ, റസാഖ് ചൂരവേലിൽ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് ജപ്തി ഭീഷണി നേരിടുന്നവരുടെ പ്രശ്ന പരിഹാരത്തിനായി പദ്ധതികൾ രൂപീകരിക്കുകയും ജപ്തി വിരുദ്ധ സമര പ്രഖ്യാപനവും നടത്തും. വന്യമൃഗാക്രമണവും കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും മൂലം കർഷകർ കടുത്ത പ്രതസന്ധിയിലായതിനൊപ്പം ബാങ്കുകളുടെ ജപ്തി ഭീഷണിയും കൂടിയായപ്പോൾ കർഷകർ ആത്മഹത്യയിലഭയം തേടുന്ന അവസ്ഥയാണെന്ന് സംഘാടകർ പറഞ്ഞു.
ജില്ലയിൽ ഒരു മാസത്തിനിടെ മൂന്നു കർഷകരാണ് ആത്മഹത്യ ചെയ്തത്. കാർഷിക മേഖലയും കർഷകരും അതീവഗുരുതരമായ കാലഘട്ടത്തിലൂടെ കടന്നു പോകുന്പോഴും സർക്കാർ പുലർത്തുന്ന അനങ്ങാപ്പാറനയം തിരുത്തണമെന്നും കാസ് ആവശ്യപ്പെട്ടു.