ക്രിസ്മസ്- പുതുവത്സരാഘോഷം : കർശന എക്സൈസ് പരിശോധന
1376246
Wednesday, December 6, 2023 8:33 AM IST
കണ്ണൂർ: എക്സൈസ് വകുപ്പ് ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ,അനധികൃത മദ്യത്തിന്റേയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനുള്ള തീവ്രയജ്ഞ പരിശോധനകള്‍ ജനുവരി മൂന്ന് വരെ നടത്തും. ഇതിന്റെ ഭാഗമായി മദ്യ-മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിവിധ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.
ജില്ലാതല കണ്ട്രോള് റൂം
കണ്ണൂര്‍ അസി. എക്സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഒരു എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവൃത്തിക്കുന്ന ജില്ലാതല കണ്ട്രോള് റൂം എക്സൈസ് ഡിവിഷന് ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങി.
സ്ട്രൈക്കിംഗ്ഫോഴ്സ്
ജില്ലയിലെ താലൂക്ക് പരിധികളില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും താലൂക്ക്തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകൾ നടത്തും.
ഇന്റലിജന്‍സ് ടീം
ജില്ലയിലെ 12 റേഞ്ചുകളിലും രണ്ടുവീതം പ്രിവന്റീവ് ഓഫീസര്‍/ സിവില്‍ എക്സൈസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്റലിജന്‍സ് ടീമും രംഗത്തുണ്ട്.
ജനകീയ കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് ജനപ്രതിനിധികള്‍ , ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരില്‍ നിന്നും അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിക്കും.
ലൈസന്‍സ് സ്ഥാപനങ്ങളിലെ പരിശോധന
അബ്കാരി ആൻഡ് എം ആൻഡ് ടി പി നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന വിവിധ ലൈസന്‍സ് സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടത്തി രാസപരിശോധനകള്ക്കുള്ള സാമ്പിളുകള്‍ ശേഖരിക്കും.
മദ്യ/മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികള്‍ താഴെപ്പറയുന്ന നമ്പറുകളില്‍ അറിയിക്കാം. വലിയ അളവിലുള്ള മദ്യം/മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങള്‍ നല്കു ന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും. വിവരങ്ങള്‍ നല്‍കുന്നവരുടെ ഫോണ്‍ നമ്പറുകള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍, കണ്ണൂര്‍ - 04972 706698 ഡിവിഷനല്‍ കണ്‍ട്രോള്‍റൂം എക്സൈസ് ഡിവിഷന് ഓഫീസ്, കണ്ണൂര്‍. - 04972 706698, ടോള്‍ ഫ്രീ നമ്പര്‍ 1800 425 6698, 155358.