എരമം-കുറ്റൂർ സമ്പൂർണ ശുചിത്വ പഞ്ചായത്ത്
1534630
Thursday, March 20, 2025 2:15 AM IST
പെരുമ്പടവ്: എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി സമ്പൂർണ ശുചിത്വ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നവകേരളം കാമ്പയിൻ റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. കരുണാകരൻ അവതരിപ്പിച്ചു. തുടർന്ന് ഹരിത സ്ഥാപന പ്രഖ്യാപനം നടത്തിയ സ്കൂളുകൾ, അങ്കണവാടികൾ, കലാലയങ്ങൾ, സ്ഥാപനങ്ങൾ, അയൽക്കൂട്ടങ്ങൾ, ഗ്രന്ഥാലയങ്ങൾ എന്നിവയ്ക്കുള്ള സാക്ഷ്യപത്രം വിതരണം ചെയ്തു.
മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണു ഗ്രാമപഞ്ചായത്ത് നടത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലായി 34 ഹരിതകർമ സേനാംഗങ്ങൾ അജൈവമാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മാലിന്യങ്ങൾ താത്കാലികമായി ശേഖരിക്കുന്നതിനായി 17 വാർഡുകളിലായി 94 മിനി എംസിഎഫുകൾ, 75 ബോട്ടിൽ ബൂത്തുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ നിലവിൽ പൊതു ഇടങ്ങളിൽ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി 30 ബിന്നുകൾ സ്ഥാപിച്ചു. കൂടാതെ 80 ബിന്നുകൾ ഈമാസം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം നടന്നുവരുന്നു.
സ്പോൺസർഷിപ്പിലൂടെ മാതമംഗലം ടൗണിൽ 600 പൂച്ചെടികൾ സ്ഥാപിച്ച് സൗന്ദര്യവത്കരണ പ്രവർത്തനം നടത്തുകയും കാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ അതോടൊപ്പം തന്നെ ജലസ്രോതസുകളുടെ ശുചീകരണം എന്നിവ ബഹുജന പങ്കാളിത്തത്തോടു കൂടി നടത്തുന്നതിനും സാധിച്ചിട്ടുണ്ട്. എംസിഎഫ് കേന്ദ്രത്തിൽ ബെയിലിംഗ് മെഷീൻ സ്ഥാപിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും വെള്ളോറ കേന്ദ്രീകരിച്ച് പുതിയ എംസിഎഫ് കേന്ദ്രം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ്, ടി. കെ. രാജൻ, കെ. സരിത, കെ.പി. രമേശൻ, എം.പി. ദാമോദരൻ, അരുൾ സോമൻ, ആലീസ് ജോയ്, ശാരദ, ജോസ് തോമസ്, വിഇഒ പി. സനൂപ് എന്നിവർ പ്രസംഗിച്ചു.