കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി എരമം-കുറ്റൂർ പഞ്ചായത്ത് ബജറ്റ്
1534631
Thursday, March 20, 2025 2:15 AM IST
പെരുമ്പടവ്: എരമം കുറ്റൂർ പഞ്ചായത്തിന് 34,65,37,935 രൂപ വരവും 34,27,09,600 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് അവതരിപ്പിച്ചു. പുതിയ തടയണകൾ നിർമിച്ച് ജലസേചന സൗകര്യം ഉൾപ്പടെയുള്ളവ മെച്ചപ്പെടുത്തുന്നതിന് തുക വകയിരുത്തിട്ടുണ്ട്.
ഉത്പാദന മേഖല, സേവന മേഖല, പശ്ചാത്തല വികസനം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, മറ്റ് ദാരിദ്ര്യ ലഘൂകരണ പദ്ധതികൾ എന്നിവയ്ക്കും ബജറ്റ് ഊന്നൽ നൽകുന്നുണ്ട്.
സമഗ്ര കുടിവെള്ള പദ്ധതി, മുഴുവൻ ലൈഫ് ഗുണഭോക്താക്കൾക്കും ഭവനം എന്നിവയും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് ജോസ് തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ടി.കെ രാജൻ,എം കെ കരുണാകരൻ,കെ. സരിത എന്നിവർ പ്രസംഗിച്ചു.