വന്യജീവികൾക്ക് വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും; പദ്ധതി ഊർജിതമാക്കി വനംവകുപ്പ്
1534635
Thursday, March 20, 2025 2:15 AM IST
പേരാവൂർ: വന്യജീവികൾക്കു വനത്തിനുള്ളിൽ തന്നെ ഭക്ഷണവും വെള്ളവും ഒരുക്കാനുള്ള മിഷൻ ഫുഡ് ഫോഡർ വാട്ടർ പദ്ധതി ഊർജിതമാക്കി വനം വകുപ്പ്. ജനവാസ കേന്ദ്രങ്ങളിൽ വന്യജീവി സാന്നിധ്യം കുടിവരുന്നത് വനത്തിനുള്ളിലെ ജലദൗർലഭ്യതയും ഭക്ഷണ ക്ഷാമവുമാണ്. വനാതിർത്തികളോട് ചേർന്നുള്ള കാർഷിക വൃത്തികളും, കാലിവളർത്തലുമാണ് ഭക്ഷണത്തിനും വെള്ളത്തിനും വന്യജീവികളെ ജനവാസമേഖലകളിലേക്ക് ആകർഷിക്കുന്നതെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.
ഇതിന് പരിഹാരമെന്ന രീതിയിലാണ് വന്യജീവികൾക്ക് വനത്തിൽ തന്നെ ഭക്ഷണവും ജലവും ലഭ്യമാക്കാനുള്ള നടപടികൾ വനം വകുപ്പ് ആരംഭിച്ചത്. ഇതിനായി വനത്തിലുള്ള നീരുറവകളും കുളങ്ങളും നീർച്ചാലുകളും കണ്ടത്തി അതിൽ ജലലഭ്യത ഉണ്ടാക്കാനുള്ള നടപടികൾ വേഗത്തിലാക്കി. കണ്ണൂർ വനം ഡിവിഷനിൽ വനത്തിനുള്ളിൽ തടയണകളുടെ നിർമാണം, കുളം വൃത്തിയാക്കൽ ആവാസ വ്യവസ്ഥക്ക് അനുയോജ്യമായ ഫലവൃക്ഷത്തൈകളെ കണ്ടെത്തി വിത്ത് ശേഖരിക്കൽ തുടങ്ങിയ പ്രവൃത്തികൾ വനം വകുപ്പ് ഊർജിതമാക്കി.
തളിപ്പറമ്പ് റേഞ്ചിലെ കരാമരം തട്ട് സെക്ഷനിലെ പൈതൽമല ഭാഗത്ത് വ്യൂ പോയിന്റിന് സമീപത്തുള്ള തടയണ ചെളി നിറഞ്ഞ അവസ്ഥയിലായിരുന്നു. കരാമരം തട്ട് സെക്ഷനിലെ ജീവനക്കാരും താത്കാലിക വാച്ചർമാരും ചെളി കോരി മാറ്റി വൃത്തിയാക്കി. ശ്രീകണ്ഠപുരം സെക്ഷൻ, കൊട്ടിയൂർ റേഞ്ചിൽ ഇരിട്ടി സെക്ഷൻ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലും, കണ്ണവം ഫോറസ്റ്റ് റേഞ്ചിൽ പത്തിടങ്ങളിലും വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചതായി കണ്ണൂ ർ ഡിഎഫ്.എസ്. വൈശാഖ് അറിയിച്ചു. കണ്ണവം റേഞ്ചിലെ കണ്ണവം, നിടുമ്പൊയിൽ സെക്ഷനുകളിൽ ഉൾപ്പെട്ട നിർച്ചാലുകളിൽ 10 ബ്രഷ് വുഡ് തടയണകും നിർമിച്ചു.