കർഷകരെ കൃഷിയിടങ്ങളിലേക്ക് തിരികെയെത്തിക്കാൻ പദ്ധതിയുമായി കൊട്ടിയൂർ പഞ്ചായത്ത്
1534637
Thursday, March 20, 2025 2:15 AM IST
കൊട്ടിയൂർ: കുടിയിറങ്ങിയ കൃഷിയിടങ്ങളിലേക്ക് കർഷകരെ തിരികെയെത്തിക്കൽ പദ്ധതിയുമായി കൊട്ടിയൂർ പഞ്ചായത്ത് ബജറ്റ്. വന്യ ജീവി ആക്രമണം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 300 ൽ അധികം കുടുംബങ്ങളാണ് വീടും കൃഷിയിടങ്ങളും ഉപേക്ഷിച്ച് വാടക വീടുകളിലേക്കും, മറ്റ് ജോലികളിലേക്കും മാറിയത്. ആൾ താമസമില്ലാത്ത കൃഷിയിടങ്ങൾ പോലും ഉപേക്ഷിക്കപ്പെട്ടു. അവിടങ്ങളെല്ലാം ഇപ്പോൾ വന സമാനമായി. എണ്ണൂറിലധികം കർഷകർ കൃഷിഭൂമി വനഭൂമിയാക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച റീ നവ കിരണം പദ്ധതിതിയേക്ക് ഭൂമി കൈമാറാൻ തയാറായി രംഗത്തുണ്ട്. 200 കുടുംബങ്ങൾ ഇതിനകം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു. വന്യജീവികൾ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കും വിധം സുരക്ഷയൊരുക്കിയാൽ വീണ്ടും കൃഷി ചെയ്യാൻ തയാറാണെന്ന് കർഷകർ അറിയിച്ചതോടെയാണ് പഞ്ചായത്ത് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചത്. വൈദ്യുതി തൂക്കുവേലി ഫലപ്രദമാണെന്ന് സമീപ മേഖലയിൽ നടത്തിയ പഠനങ്ങളിൽ വ്യക്തമായ തോടെ കൊട്ടിയൂർ പഞ്ചായത്തിന് ചുറ്റും 50 കിലോമീറ്റർ ദൂരത്തിൽ തൂക്കുവേലി നിർമിക്കുന്ന പദ്ധതി തുടങ്ങി. ഇത്തവണത്തെ ബജറ്റിലും കൂടുതൽ സുരക്ഷാ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വൈദ്യുതി തൂക്കു വേലി ഒരുക്കുകയും വന അതിരുകൾക്ക് തൊട്ടടുത്ത കൃഷിയിടങ്ങളിൽ തേനീച്ച കൃഷി ആരംഭിക്കാനുമാണ് തീരുമാനം.
ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന തേൻ കൊട്ടിയൂരിന്റെ പേരിൽ ബ്രാൻഡ് ചെയ്യാനും ആലോചനയുണ്ട്. ഒട്ടുമിക്ക വന്യജീവികൾക്കും തേനീച്ചയാക്രമണത്തോട് ഭയമാണ്. ഈ സാധ്യത ഉപയോഗിച്ച് കർഷകർക്ക് വരുമാന വർധനയും കൂടുതൽ തൊഴിൽ സാധ്യതയും മുന്നിൽ കണ്ട് പ്രൊസസിംഗ് യൂണിറ്റും വിഭാവനം ചെയ്തിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം പറഞ്ഞു. കൃഷിയും ടൂറിസം പദ്ധതികളും ഉപയോഗിച്ച് വന്യജീവികളെ പ്രതിരോധിക്കാനും കൃഷിയിടങ്ങളി ലേക്ക് മടങ്ങുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുന്നതു കൊണ്ടുതന്നെ കൊട്ടിയൂർ പഞ്ചായത്ത് ബജറ്റ് ജനശ്രദ്ധയാകർഷിക്കുകയാണ്.