സ്നേഹ സംഗമവും ലഹരിവിരുദ്ധ സദസും സംഘടിപ്പിച്ചു
1534949
Friday, March 21, 2025 2:00 AM IST
ഇരിട്ടി: കാക്കയങ്ങാട് കലാഭവന്‍ മ്യൂസിക് ക്ലബിന്റെ ഗ്രാമോത്സവ സ്നേഹസംഗമവും ലഹരി വിരുദ്ധ സദസും മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. 40 വര്‍ഷക്കാലമായി മലയോരത്ത് പ്രവര്‍ത്തിക്കുന്ന കലാ സംഗീത കൂട്ടായ്മയാണ് കലാഭവന്‍ മ്യൂസിക് ക്ലബ്. 1986ല്‍ സ്ഥാപിക്കപ്പെട്ട ക്ലബില്‍ നിന്ന് പലയിനങ്ങളില്‍ പരിശീലനം നേടിയ ധാരാളം പേര് രാഷ്ട്രപതിയുടേതടക്കം സംഗീത ട്രൂപ്പുകളില്‍ പ്രവർത്തിക്കുന്നുണ്ട്. ഏപ്രിൽ 27 ന് 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രാമോത്സവത്തോടനുബന്ധിച്ചാണ് "കലയാണ് ലഹരി' എന്ന സന്ദേശവുമായി സ്നേഹസംഗമം സംഘടിപ്പിച്ചത്. നൂറോളം പേര് പരിപാടിയില്‍ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് സി.എ. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷന് മാനേജരുമായ പി.കെ. സതീഷ്കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. സെക്രട്ടറി എന്‍. മണികണ്ഠന്, വൈസ് പ്രസിഡന്റ് കെ.എം. കൃഷ്ണന്, മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, വി. രാജു, ബാബു ജോസഫ്, എന്‍. ദാമോദരന്‍, കെ.ടി. ടോമി, ശശി കൃപ, വി. ഷാജി, എന്‍. രഘുവരന് എന്നിവര്‍ പ്രസംഗിച്ചു.