മർദനമേറ്റ പോലീസുകാർക്ക് പോരാട്ടവീര്യം തുടിക്കുന്ന യാത്രയയപ്പ്
1534965
Friday, March 21, 2025 2:01 AM IST
തലശേരി: മണോളിക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ സ്ഥലം മാറ്റപ്പെട്ട എസ്ഐമാർക്ക് സഹപ്രവർത്തകരുടെ പോരാട്ടവീര്യം തുടിക്കുന്ന യാത്രയയപ്പ്.
ക്രമസമാധാന പാലനത്തിനിടെ പ്രശ്നക്കാരെ നേരിട്ടതിന്റെ പേരിൽ ആക്രമിക്കപ്പെട്ട എസ്ഐയെ സ്ഥലം മാറ്റിയതിൽ പോലീസുകാരിൽ കടുത്ത അമർഷം ഉയരുന്നതിനിടെയാണ് എസ്ഐയുടെ കൃത്യനിർവഹണത്തെ പ്രശംസിച്ചും ഉന്നതോദ്യോഗസ്ഥരോടുള്ള അമർഷം പ്രകടമാക്കിയും സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയത്.
"ചെറുത്തു നിൽപ്പിന്റെ പോരാട്ടത്തിൽ കരുത്തു കാട്ടിയ സബ് ഇൻസ്പെക്ടർക്ക് സ്നേഹാദരങ്ങൾ' എന്ന് ആലേഖനം ചെയ്ത മെമന്റോയാണ് യാത്രയയപ്പ് വേളയിൽ സഹപ്രവർത്തകർ സമ്മാനിച്ചത്.
എസ്ഐമാരായ ടി.കെ. അഖിൽ, വി.വി. ദീപ്തി എന്നിവർക്കാണ് ബുധനാഴ്ച സഹ ്രവർത്തകർ യാത്രയയപ്പ് നൽകിയത്. ഉത്സവ സ്ഥലത്തുണ്ടായ സംഘർഷത്തിൽ എസ്ഐ അഖിൽ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ക്രൂര മർദനമേറ്റിരുന്നു. മാത്രവുമല്ല ഒരു സംഘം സിപിഎം പ്രവർത്തകർ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സിപിഎം പ്രവർത്തകരുടെ ഭീഷണി അടങ്ങിയ വരികൾ ചേർത്ത കൊണ്ടായിരുന്നു സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പോലീസിനെ ആക്രമിക്കുകയും പ്രതിയെ പോലീസിൽനിന്നു മോചിപ്പിക്കുകയും ചെയ്ത സംഭവങ്ങളിൽ രണ്ടു കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രദേശിക നേതാക്കൾ ഉൾപ്പെടെ 83 സിപിഎം പ്രവർത്തകരെ പ്രതി ചേർക്കുകയും ചെയ്തു. പ്രതികളുടെ അറസ്റ്റ് നടക്കുന്നതിനിടയിലാണ് എസ്ഐമാരെ സ്ഥലം മാറ്റിയത്.