പുത്തൂർ ഗവ.എച്ച്എസ്എസിൽ സ്റ്റെം ക്യാമ്പ്
1548323
Tuesday, May 6, 2025 6:24 AM IST
കൊട്ടാരക്കര: കേരള സർവകലാശാലയിലെ വിദ്യാഭ്യാസ വകുപ്പും സെന്റർ ഫോർ ലേണിംഗ് എൻജിനിയറിംഗ് ആന്ഡ് സസ്റ്റൈനബിലിറ്റി എജ്യുക്കേഷനും ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ചിന്റെ സാമ്പത്തിക സഹായത്തോടെ ജിഎച്ച്എസ്എസ് പുത്തൂരിൽ ഏഴ് ദിവസത്തെ സ്റ്റെം ക്യാമ്പ് നടത്തും. "നൂതന ലിംഗ പ്രതികരണശേഷിയുള്ള സ്റ്റെം പെഡഗോഗിയിലൂടെ ശാസ്ത്ര അഭിരുചി വളർത്തി കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള നൈപുണ്യ പരിശീലനവും വിലയിരുത്തലും' എന്നതാണ് സ്റ്റെം ക്യാമ്പിന്റെ ഉദ്ദേശ്യം.
പെൺകുട്ടികൾക്ക് മാത്രമുള്ളതാണ് ക്യാമ്പ്.കേരളത്തിലെ വിവിധ സ്കൂളുകളിൽ ക്യാമ്പുകൾ നടത്താൻ സർവകലാശാല ലക്ഷ്യമിടുന്നുണ്ട്. ജെൻഡർ റെസ്പോൺസീവ് പെഡഗോഗിയുമായി സ്റ്റെം യോജിപ്പിച്ച ഇത്തരത്തിലുള്ള ആദ്യ ക്യാമ്പാണിത്. ജിഎച്ച്എസ്എസ് പുത്തൂരിന്റെ സഹകരണത്തോടെയാണ് കേരളത്തിലുടനീളമുള്ള സ്റ്റെം ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിക്കുന്നത്.
കേരള സർവകലാശാലയിലെ സെന്റർ ഫോർ ലേണിംഗ് എൻജിനിയറിംഗ് ആൻഡ് സസ്റ്റൈനബിലിറ്റി എജ്യുക്കേഷൻ ഡയറക്ടറും വിദ്യാഭ്യാസ വകുപ്പ് അസി.പ്രഫസറുമായ ഡോ. ദിവ്യ.സി.സേനൻ ആണ് പദ്ധതിയുടെ ഡയറക്ടർ. ക്യാമ്പിലെ പാഠ്യപദ്ധതി, സ്റ്റെം പ്രവർത്തനങ്ങളിൽ ആരംഭിച്ച് ഒടുവിൽ റോബോട്ടിക്സ് വിദ്യാഭ്യാസത്തോടെ അവസാനിക്കുന്നു. ക്യാമ്പിന്റെ അവസാനത്തിൽ വിദ്യാർഥികൾ പ്രാദേശിക സന്ദർഭോചിതമായ യഥാർഥ ലോക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് റോബോട്ടുകൾ വികസിപ്പിക്കും.കേരളത്തിലുടനീളം നടക്കുന്ന ക്യാമ്പ് പരമ്പരയുടെ അവസാനത്തിൽ കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കാമ്പസിൽ സ്റ്റെം കാർണിവൽ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്.