കൊട്ടാരക്കര ഗണപതി ക്ഷേത്ര വികസനം: വിശദമായ മാസ്റ്റർപ്ലാൻ തയാറാക്കും- മന്ത്രി കെ.എൻ.ബാലഗോപാൽ
1548344
Tuesday, May 6, 2025 6:24 AM IST
കൊല്ലം: അനേകം ഭക്തജനങ്ങൾ ദിനംപ്രതി എത്തുന്ന കൊട്ടാരക്കര ഗണപതി ക്ഷേത്രം വികസനത്തിന് വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കാൻ നിർദേശം നൽകി മന്ത്രി കെ.എൻ.ബാലഗോപാൽ. ദീർഘകാല അടിസ്ഥാനത്തിലുള്ള ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുള്ള പദ്ധതിയാണ് നടപ്പാക്കുക.
ഇവിടെ എത്തുന്ന സന്ദർശകർക്കായി പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ അഞ്ചു കോടി വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമേ ദേവസ്വം ബോർഡിന്റെ 25 കോടിയുടെ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തിയാകും പദ്ധതി തയാറാക്കുക.
കൊല്ലം - ചെങ്കോട്ട റോഡിൽ ചന്തമുക്കിൽ ക്ഷേത്രത്തിന് 400 മീറ്റർ മുൻപിലായി ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള 93സെന്റ് സ്ഥലത്താണ് വികസന പ്രവർത്തനങ്ങൾ നടത്തുക. ആദ്യഘട്ടമായി അടിയന്തരമായി പാർക്കിംഗ് സംവിധാനമൊരുക്കുന്നതിന് നടപടി സ്വീകരിക്കും.
ഇവിടെ നാലുനിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ പാർക്കിംഗ്, മുകൾ നിലകളിലായി കല്യാണമണ്ഡപം, ഊട്ടുപുര, തീർഥാടകർക്ക് താമസിക്കാനുള്ള മുറികൾ, ഫെസിലിറ്റേഷൻ സെന്റർ, റസ്റ്റോറന്റ്,ശുചിമുറികൾ തുടങ്ങിയവ പണിയും. ഏറെ പഴക്കമുള്ള അസി. കമ്മീഷണർ, അസി.എൻജിനിയർ ഓഫീസുകളും മാറ്റി സ്ഥാപിക്കും. ഈ സ്ഥലത്തിനോട് ചേർന്ന് തന്നെ ബജറ്റിൽ അനുവദിച്ച അഞ്ചു കോടി രൂപ വിനിയോഗിച്ച് പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും ഒരുക്കും.
ഇവിടെനിന്നും ക്ഷേത്രത്തിലേക്ക് സുഗമമായി എത്തുന്നതിനുള്ള പാസേജ് ഒരുക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും മന്ത്രി നിർദേശിച്ചു.
വലിയമ്പലം, തിട്ടമ്പലം, പ്രദർശന വഴി, ഉപദൈവ പ്രതിഷ്ഠകൾ ഉൾപ്പെട്ടവയുടെ നവീകരണം, ഓഡിറ്റോറിയം, സ്റ്റേജ്, കംപ്യൂട്ടർവത്കരണത്തിന്റെ ഭാഗമായുള്ള കൗണ്ടറുകൾ, ഓയിൽ മിൽ, തുടങ്ങിയവയെല്ലാം ഒരുക്കുന്ന വിധത്തിലുള്ള മാസ്റ്റർ പ്ലാനാണ് തയാറാക്കുന്നതെന്നും കോടതിയുടെ അനുമതിയോടെ പ്രവർത്തികൾ പൂർത്തിയാക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം വികസനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കൊട്ടാരക്കര നഗരസഭ ചെയർമാൻ ഉണ്ണികൃഷ് ണ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.