ദേശീയ പണിമുടക്ക്; 500 കേന്ദ്രങ്ങളിൽ തൊഴിലാളി സദസ്
1548335
Tuesday, May 6, 2025 6:24 AM IST
കൊല്ലം: ദേശീയ പണിമുടക്കിന് മുന്നോടിയായി ജില്ലയിലെ തൊഴിലാളികൾ പണിയെടുക്കുന്ന 500 കേന്ദ്രങ്ങളിൽ തൊഴിലാളി സദസുകൾ സംഘടിപ്പിക്കും. 20നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിയോജക മണ്ഡലം കൺവൻഷനുകൾ ജില്ലയിൽ പൂർത്തിയായി. പഞ്ചായത്ത് കൺവൻഷനുകൾ 10നകം പൂർത്തീകരിക്കും.
സംസ്ഥാന സമര പ്രചാരണ ജാഥയ്ക്ക് 13ന് രാവിലെ ഒന്പതിന് പത്തനാപുരത്ത് ജില്ലാ അതിർത്തിയിൽ സ്വീകരണം നൽകും. ജില്ലയിലെ സ്വീകരണ പരിപാടികളുടെ ഉദ്ഘാടനം സിപിഐ. ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ പത്തനാപുരത്ത് നിർവഹിക്കും. പുനലൂർ, കടയ്ക്കൽ, കൊട്ടാരക്കര, ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കൊല്ലത്ത് പ്രചാരണ ജാഥ സമാപിക്കും.
സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടിയമ്മയാണ് ജാഥാ ക്യാപ്റ്റൻ. ടോമി മാത്യു വൈസ് ക്യാപ്റ്റനും അഡ്വ. ജി. ലാലു ജാഥാ മാനേജറും, എസ്. ഹരിലാൽ സ്ഥിരാംഗവുമാണ്. വൈകുന്നേരം ചിന്നക്കടയിൽ നടക്കുന്ന സമാപന സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഇ.കാസിം സ്മാരക ഹാളിൽ നടന്ന സംയുക്ത സമര സമിതിയുടെ പ്രവർത്തനയോഗം സിഐടിയു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി ജി.ബാബു അധ്യക്ഷത വഹിച്ചു.