പുറ്റിംഗൽ വെടിക്കെട്ട് ദുരന്തക്കേസ്; നാളെ വീണ്ടും പരിഗണിക്കും
1548326
Tuesday, May 6, 2025 6:24 AM IST
കൊല്ലം: പുറ്റിംഗൽ വെടിക്കെട്ട് ദുരന്തക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അടൂർ സ്വദേശി അനുരാജിന്റെ ജാമ്യക്കാർ സമർപ്പിച്ച അപേക്ഷ കോടതി നാളെ പരിഗണിക്കും. കരുനാഗപ്പള്ളി മണപ്പള്ളി സ്വദേശി ഗോപിനാഥൻ അടക്കമുള്ളവരായിരുന്നു ജാമ്യക്കാർ.
ജാമ്യത്തിന്റെ ബോണ്ട് തുകയായ ഒരു ലക്ഷം രൂപ വീതം അടയ്ക്കണമെന്ന് കോടതി ഇവരോട് ആവശ്യപ്പെട്ടിരുന്നു.ഗോപിനാഥൻ ഡയാലിസിസിന് വിധേയനായി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും അജിതയുടെ ഭർത്താവ് രോഗം ബാധിച്ച് കിടപ്പിലാണെന്നും ഇവർ കോടതിയെ ബോധിപ്പിച്ചു.
ഈ സാഹചര്യത്തിൽ പിഴ തുകയിൽ പരമാവധി ഇളവ് നൽകണമെന്ന് ഇവരുടെ അഭിഭാഷകരും കോടതിയിൽ അപേക്ഷ നൽകി. ഇതേ തുടർന്ന് ചാർജ് ജഡ്ജിയായ നാലാം അഡീഷണൽ ഡിസ്ട്രിക്്ട് ആന്‍ഡ് സെഷൻസ് ജഡ്ജ് എസ്.സുഭാഷ് ഈ വിഷയത്തിൽ ഉത്തരവ് പാസാക്കുന്നതിന് കേസ് നാളത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.
മറ്റ് പ്രതികളും അന്ന് ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.ജബാർ,അഡ്വ.അമ്പിളി ജബാർ എന്നിവർ ഹാജരായി.