1000 ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ ; അക്ഷയ സംരംഭകർ ആശങ്കയിൽ
1548327
Tuesday, May 6, 2025 6:24 AM IST
ചാത്തന്നൂർ : കേരള സ്റ്റേറ്റ് ഐടി മിഷന്റെ അധീനതയിൽ ഉള്ള അക്ഷയ സെന്ററ ുകൾക്ക് സമാന്തരമായി സംസ്ഥാനത്ത് 1000 ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സർക്കാരിന്റെ നീക്കത്തിൽ അക്ഷയ സംരംഭകർ ആശങ്കയിലാണെന്ന് കേരള അക്ഷയ എന്റർ പ്രണേഴ്സ് കോൺഫെഡറേഷൻ (എഇസി) സംസ്ഥാന ജനറൽ സെക്രട്ടറി ആർ.നന്ദകുമാർ ആരോപിച്ചു.
കേരള സ്റ്റേറ്റ് റൂട്രോണിക്സ് എന്ന സഹകരണ സ്ഥാപനം അവരുടെ പ്രിൻസിപ്പൽ അഫിലിയേറ്റഡ് (പിഎ) ആയ പ്രൈവറ്റ് ഏജൻസി ഗ്രോവെയർ എജ്യുക്കേഷണൽ സൊല്യൂഷൻ എന്ന സ്ഥാപനം വഴിയാണ് പുതുതായി ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
കേരളത്തിലെ 3000 ത്തിലധികം വരുന്ന അക്ഷയ സംരംഭകരും 15000-ൽ അധികം വരുന്ന അക്ഷയ ജീവനക്കാരും അവരെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളും ഇതോടെ ആശങ്കയിലാണ്. സർക്കാർ നിർദേശിക്കുന്ന തുച്ഛമായ സർവീസ് ചാർജാണ് അക്ഷയ സെന്ററുകൾ വഴി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. 2018ന് ശേഷം സർവീസ് ചാർജ് വർധിപ്പിച്ചിട്ടില്ല. അക്ഷയ സംരംഭകർ ഭൂരിഭാഗവും കടക്കെണിയിലാണന്നും നന്ദകുമാർ ആരോപിച്ചു.