ഇടയനോടൊപ്പം ഒരുദിനം 10ന്
1548325
Tuesday, May 6, 2025 6:24 AM IST
കൊല്ലം : കെസിബിസി പ്രോലൈഫ് സമിതി കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ 10ന് രാവിലെ ഒൻപതിന് ഇടയനോടൊപ്പം ഒരുദിനം എന്ന പരിപാടി സംഘടിപ്പിക്കുന്നു. 1999 ലോ അതിന് ശേഷമോ വിവാഹിതരായ നാലോ അതിലധികമോ മക്കളുള്ള കുടുംബങ്ങൾ മാതാപിതാക്കളും കുഞ്ഞുങ്ങളുമായി കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിക്കൊപ്പം ചെലവഴിക്കുന്ന പരിപാടിയാണ് ഇടയനോടൊപ്പം ഒരുദിനം.
ഉദ്ഘാടന സമാപന ചടങ്ങുകളോ പ്രസംഗങ്ങളോ ഉണ്ടാകില്ല. കുടുംബാംഗങ്ങൾ പറയാനുള്ളത് ബിഷപിനോട് പറയും. ബിഷപ് അത് കേൾക്കുകയും അദ്ദേഹത്തിന് പറയാനുള്ളത് അവരോട് പറയുകയും അവരുടെ പ്രശ്നങ്ങൾക്ക് കഴിയുന്ന പരിഹാരങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കുകയും ചെയ്യും. ആർക്കെങ്കിലും പിതാവിനോട് വ്യക്തിപരമായി സംസാരിക്കണമെങ്കിൽ തുടർന്ന് അതിനുള്ള അവസരവും ഒരുക്കും.
ഇടയൻ അവന്റെ ആടുകളുടെ ഇടയിലേക്ക് കടന്നു ചെല്ലുന്ന മഹനീയ ദിനമാണ് ഇടയനോടൊപ്പം ഒരു ദിനം. അപ്പനും മക്കളും ഒരുമിച്ചിരുന്നു സങ്കടങ്ങളും സന്തോഷങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കുന്ന, പരസ്പരം പങ്കിട്ടു ഭക്ഷിക്കുന്ന,തങ്ങളുടെ കഴിവുകൾ വെളിപ്പെടുത്തുന്ന ആനന്ദ ദിനം സഭ ആഗ്രഹിക്കുന്നതുപോലെ ജീവന്റെ മഹോത്സവമാണ് കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ കൂടിയായ കൊല്ലം ബിഷപ് സംഘടിപ്പിക്കുന്നത്. ഇടയൻ അവന്റെ ആടുകളുടെ സ്വരം ശ്രവിക്കുന്നു.
പിതാവിനോട് മക്കൾ മനസ് തുറക്കുന്നു. ക്രിസ്തുവിന്റെ കാരുണ്യകരങ്ങളാൽ അവനവരെ ചേർത്തുപിടിക്കുന്നു എന്നുള്ളതാണ് ഇടയനോടൊത്തൊരു പരിപാടിയുടെ ആദർശവാക്യം.
കൂടുതൽ വിവരങ്ങൾക്ക് 9387676757 എന്ന നമ്പറിൽ വിളിക്കാമെന്ന് ഫാമിലി അപ്പോസ്റ്റലേറ്റ് ഫാ.ഷാജൻ വർഗീസ്, കൊല്ലം രൂപത കെസിബിസി പ്രോലൈഫ് സമിതി കോർഡിനേറ്റർ ജോർജ് എഫ്. സേവ്യർ വലിയവീട് എന്നിവർ അറിയിച്ചു.