ഉറ്റവരെ സങ്കടക്കടലിലാക്കി നിയ യാത്രയായി...
1548336
Tuesday, May 6, 2025 6:24 AM IST
കൊല്ലം: ഒപ്പമുണ്ടായിരുന്ന ഉറ്റവര്‍ക്ക് അവസാനമായി ഒരു നോക്ക് കാണാനോ ആ കുഞ്ഞിക്കവിളിൽ മുത്താനോ സാധിക്കാതെയാണ് ഏഴുവയസുകാരി നിയയുടെ മണ്ണിലേക്കുള്ള മടക്കം. പ്രോട്ടോക്കോള്‍ പാലിച്ച് പൊതുദര്‍ശനത്തിന് പോലും വയ്ക്കാതെയാണ് ഖബറടക്കിയത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് നേരിട്ട് പുനലൂര്‍ പേപ്പര്‍മില്‍ ആലഞ്ചേരി മുസ്ലിം ജമാഅത്തില്‍ എത്തിക്കുകയും മയ്യിത്ത് നിസ്കാരത്തിന് ശേഷം പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കുകയായിരുന്നു.
വളരെ കുറഞ്ഞ ആളുകള്‍ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുക്കാനായത്. അടുത്ത ദിവസം വരെ തന്നോടൊപ്പം കളിചിരികളുമായുണ്ടായിരുന്ന നിയയുടെ മരണം ഉള്‍ക്കൊള്ളാനാകാതെ മൃതദേഹത്തിന് അരികിലും ബന്ധുവിന്റെ നെഞ്ചോരം ചേർന്നും പൊട്ടിക്കരഞ്ഞ സഹോദരൻ മുഹമ്മദ് ഇഷാൻ ചടങ്ങുകളിൽ പങ്കെടുത്തവരുടെ കണ്ണുനിറയിച്ചു.
ചുറ്റും നിന്ന് ബന്ധുക്കൾ ഇഷാനെ പലകുറി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും "അവൾ പോയത് എനിക്ക് സഹിക്കാൻ കഴിയില്ല " എന്ന് ആവർത്തിച്ചു പറഞ്ഞ് ഉച്ചത്തിൽ കരയുന്ന ഇഷാന് സങ്കടക്കാഴ്ചയായി. പിന്നീട് ബന്ധുക്കൾ നിർബന്ധപൂർവമാണ് ഇഷാനെ ഖബറിന് സമീപത്തു നിന്നും തിരികെ വീട്ടിലേക്ക് കൊണ്ടുപോയത്.
പ്രഭാതത്തിലെ ശാന്തമായ അന്തരീക്ഷത്തിൽ ഖബറടക്കത്തിനായി എത്തിയ ഏവരും ഉള്ളിൽ തേങ്ങലൊതുക്കിയാണ് ചടങ്ങുകൾക്കു ശേഷം പള്ളിയിൽ നിന്ന് വിട പറഞ്ഞത്.