കാട്ടുപോത്തുകളും കാട്ടാനകളും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു
1548346
Tuesday, May 6, 2025 6:24 AM IST
കുളത്തൂപ്പുഴ: കാട്ടുപോത്തുകൾ,കാട്ടാനകൾ തുടങ്ങി വന്യ മൃഗങ്ങളെ പേടിച്ച് രാത്രി മുഴുവൻ ഉറങ്ങാൻ കഴിയാതെ കഴിച്ചുകൂട്ടേണ്ട അവസ്ഥയിലാണ് മലയോര മേഖലയിലെ ജനങ്ങൾ.
സന്ധ്യയോടെ കല്ലടയാർ നീന്തി കടന്നെത്തുന്ന കാട്ടാനക്കൂട്ടം വിൽപാലം പത്തേക്കർ ഭാഗത്തെ ജനവാസ മേഖലയിലെത്തി പ്രദേശവാസികളുടെ കൃഷിയും കാർഷിക വിളയും നശിപ്പിച്ചതോടെ പ്രദേശവാസികൾ ഭയപ്പാടിലാണ്.
പത്തേക്കർ റിയാസ് മൻസിൽ റംല, അശോകമന്ദിരത്തിൽ അശോകൻ എന്നിവരുടെയും ഇവരുടെ സമീപവാസികളായ ഉമാ, പ്രമീള, പണയിൽ വീട്ടിൽ ബിന്ദു എന്നിവരുടെയും കാർഷിക വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. തെങ്ങ്, പ്ലാവ്, വാഴ, മറ്റു ചെറിയ കൃഷികൾ എന്നിവയെല്ലാം പിഴുതെടുത്തും തള്ളിയിട്ടും ഭക്ഷണമാക്കിയും വന്യമൃഗങ്ങൾ പ്രദേശവാസികൾക്ക് തലവേദനയാവുകയാണ്. പ്രദേശത്തെ കൃഷി പൂർണമായി നശിപ്പിച്ച ശേഷമാണ് നേരം പുലർന്നശേഷം കാട്ടാനക്കൂട്ടം മടങ്ങിയത്.
രാത്രിയിൽ കാട്ടാനക്കൂട്ടം എത്തിയത് അറിഞ്ഞെങ്കിലും വെളിച്ചക്കുറവും മഴയും മൂലം പുറത്തിറങ്ങാനോ ആനകളെ വിരട്ടിയോടിക്കാനും കഴിയാതെ വന്നു.
പ്രദേശത്ത് ജനങ്ങളിൽ അധികവും വീടുകളിൽ തന്നെ ഭയന്ന് കഴിച്ചു കൂട്ടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനിടെ ജോലിക്കായി രാവിലെപോയ തൊഴിലാളികൾ കാട്ടാന കൂട്ടത്തിന്റെ മുന്നിൽ അകപ്പെടാതെ കഷ്്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ജനവാസ മേഖ ലയിൽ നിരന്തരം വന്യമൃഗങ്ങൾ എത്തുന്നത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്നു ഈ പ്രദേശത്തെ താമസക്കാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും വനംവകുപ്പ് അതൊന്നും ചെവികൊള്ളുന്നില്ല.
ഇഎസ്എം കോളനിയിൽ സ്ഥിതി ചെയ്യുന്ന എൽപി സ്കൂൾ ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം വൈകുന്നേരം കാട്ടുപോത്തുകൾ കൂട്ടത്തോടെയാണ് എത്തിയത്. സ്കൂൾ വളപ്പിൽ ഉണ്ടായിരുന്ന കൃഷികൾ കാട്ടുപോത്തുകൾ നശിപ്പിച്ചു. സ്കൂൾ അവധി ആയതിനാൽ വൻ വിപത്താണ് ഒഴിവായത്.
ഈ പ്രദേശങ്ങളിൽ ആനകളുടെയും കാട്ടുപോത്തുകളുടെയും കാട്ടുപന്നികളുടെയും കുരങ്ങന്മാരുടെയും ശല്യംമൂലം ജനം പൊറുതി മുട്ടിയ അവസ്ഥയിലാണ്. കൃഷിഭൂമിയിൽ യാതൊന്നും കൃഷി ചെയ്യാൻ കഴിയുന്നില്ലെന്നാണ് കർഷകർ ഒന്നടങ്കം പറയുന്നത്.
ഇക്കാര്യത്തിൽ ഒരു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പു ഉദ്യോഗസ്ഥരെ വിവരം അറിയിച്ചാൽ അവർ വന്ന് കാർഷിക നഷ്ടങ്ങൾ നോക്കുന്നത് അല്ലാതെ യാതൊരുവിധ സഹായങ്ങളും ലഭിക്കുന്നില്ലെന്നും കർഷകർ പറഞ്ഞു.