മീന്‍ വളര്‍ത്തലിലൂടെ കര്‍ഷകര്‍ക്കായി പുതുവിപണി
1548022
Monday, May 5, 2025 4:05 AM IST
പത്തനംതിട്ട: മണ്‍കുളങ്ങളും പടുതാക്കുളങ്ങളും വര്‍ധിച്ചതോടെ ജില്ലയില്‍ മത്സ്യകൃഷിയില്‍ വന്‍ മുന്നേറ്റം. മത്സ്യക്കര്‍ഷകരുടെ എണ്ണവും ഏറി. മത്സ്യകൃഷിയിലൂടെ സ്ഥിരവരുമാനം നേടുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. വിഷരഹിത മത്സ്യക്കൃഷി ജില്ലയില്‍ വ്യാപകമായത് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ്. സബ്സിഡി കൃത്യസമയത്തും മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായും ലഭിക്കുന്നതിനാല്‍ കര്‍ഷകരും സംതൃപ്തരാണ്.
വളര്‍ത്തു മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ ജില്ലയില്‍ കൃഷി ചെയ്തു തുടങ്ങിയതു സമീപകാലത്താണ്. വളര്‍ച്ചയെത്തിയ മത്സ്യങ്ങളെ വിപണനത്തിനും ഭക്ഷ്യവസ്തുക്കളായി മാറ്റിയും കര്‍ഷകര്‍ വരുമാനം നേടുന്നതായാണ് ഫിഷറീസ് അധികൃതര്‍ പറയുന്നത്. മത്സ്യ വളര്‍ത്തലിനു പ്രചാരവും പ്രോത്സാഹനവും ലഭിക്കാതിരുന്ന ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ മാറ്റമാണുണ്ടായത്.
ആസാം വാളയ്ക്കും അനാബസിനും തിലാപ്പിയക്കുമാണ് പ്രിയം. അന്യസംസ്ഥാന തൊഴിലാളികളുടെ ഇഷ്ടവിഭവമായ ആസാം വാള വലിയതോതില്‍ വിറ്റഴിക്കുന്നുണ്ട്. മത്സ്യം കൂടാതെ അനുബന്ധ ഉത്പന്നമായ കട്ലറ്റ്, അച്ചാറുകള്‍ എന്നിവയുടെ വിപണനത്തിലൂടെയും കര്‍ഷകര്‍ സാധ്യത കണ്ടെത്തിവരുന്നു.
മുറ്റത്തൊരു മീന്തോട്ടം
മുറ്റത്ത് കുഴിച്ച് പടുത വിരിച്ച് കുളം നിര്‍മിച്ചുള്ള പദ്ധതിയില്‍ കര്‍ഷകരുടെ എണ്ണം കൂടിയിട്ടുണ്ട്. പുളിക്കീഴ്, കോയിപ്രം, പറക്കോട് ബ്ലോക്കുകളിലാണ് മുറ്റത്തൊരു മീന്തോട്ടം പദ്ധതി കൂടുതലായുള്ളത്.
അര സെന്റ് ഭൂമിയില്‍ കുഴിച്ച് പടുത വിരിച്ച് വെള്ളം നിറച്ച് മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതാണ് പദ്ധതി. അപേക്ഷകള്‍ പരിഗണിച്ച് ഗ്രാമപഞ്ചായത്ത് കമ്മിറ്റികളാണ് ഗുണഭോക്തൃ പട്ടിക തയാറാക്കി സബ്സിഡി നല്‍കുന്നത്.
ഫീഷറീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കും. ഒരു കുളത്തിന് 250 കുഞ്ഞുങ്ങളെ നല്‍കും. ഏഴ്, എട്ട് മാസങ്ങള്‍ കൊണ്ട് വിളവെടുക്കും. ആസാം വാള കിലോഗ്രാമിന് 150 രൂപയ്ക്ക് വില്ക്കാന് കഴിയും.
3000 മണ്കുളങ്ങളാണ് നിലവിലുള്ളത്. കഴിഞ്ഞവര്‍ഷം 2112 എണ്ണമുണ്ടായിരുന്നു. മുറ്റത്തൊരു മീന്തോട്ടം പദ്ധതിയില്‍ 265 കര്‍ഷകര്‍ പങ്കാളികളായി.
ഹാച്ചറികളില്‍ ഉത്പാദനം
140 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് പ്രതിവര്‍ഷം ഹാച്ചറിയില്‍ ഉത്പാദിപ്പിക്കുന്നത്. ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പന്നിവേലിച്ചിറ, കവിയൂര്‍, എടത്വ എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത്. മണ്‍കുളങ്ങളില്‍ കൃഷി ചെയ്യുന്നവര്‍ക്കും മുറ്റത്തൊരു മീന്തോട്ടം പദ്ധതിക്കും ഇവിടെനിന്നാണ് കുഞ്ഞുങ്ങളെ നല്‍കുന്നത്.
മത്സ്യകൃഷിക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരുന്നുണ്ട്. കുളങ്ങള്‍ക്ക് സബ്സിഡിയും മത്സ്യ കുഞ്ഞുങ്ങള്‍ സൗജന്യമായും ലഭിക്കുമെന്ന് ജില്ലാ ഫിഷറീസ് ഓഫീസര്‍ ഡോ. പി.എസ്. അനിത പറഞ്ഞു.